പുർണിയയിൽ സ്ഥാനാർഥിയുമായി ആർജെഡി; എവിടെ മത്സരിക്കുമെന്നറിയാതെ പപ്പു യാദവ്
Mail This Article
പട്ന ∙ കോൺഗ്രസിൽ ചേർന്ന ബാഹുബലി നേതാവ് പപ്പു യാദവ് മത്സരിക്കാനൊരുങ്ങിയ ബിഹാറിലെ പുർണിയ ലോക്സഭാ മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിയെ നിശ്ചയിച്ചു. ജനതാദൾ (യു) വിട്ട് ആർജെഡിയിൽ ചേർന്ന ബീമാ ഭാരതിക്കാണു പുർണിയ സീറ്റ് നൽകിയത്. ബിഹാറിൽ കോൺഗ്രസിന് ആർജെഡി വാഗ്ദാനം ചെയ്യുന്ന 9 മണ്ഡലങ്ങളിൽ പുർണിയ ഇല്ല. പപ്പു യാദവ് ലോക്സഭയിലേക്ക് മൂന്നു വട്ടം വിജയിച്ച മണ്ഡലമാണ് പുർണിയ. ഏറെക്കാലമായി പുർണിയ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം.
പുർണിയ സീറ്റ് പ്രതീക്ഷിച്ചാണ് പപ്പു യാദവ് ജന അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. മധേപുര അല്ലെങ്കിൽ സുപോൽ മണ്ഡലം കോൺഗ്രസിനു നൽകാൻ ആർജെഡി തയാറാണെന്നതാണു പപ്പു യാദവിന് ആശ്വാസം. മധേപുരയിൽനിന്നു മുൻപ് ഇദ്ദേഹം ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പപ്പുവിന്റെ പത്നി രഞ്ജിത രഞ്ജൻ മുൻപു ലോക്സഭയിലേക്കു വിജയിച്ച മണ്ഡലമാണ് സുപോൽ. കോൺഗ്രസ് ലോക്സഭാ ടിക്കറ്റു നൽകിയില്ലെങ്കിൽ പുർണിയയിൽ സ്വതന്ത്രനായി മത്സരിക്കാൻ മടിക്കില്ലെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്.