ADVERTISEMENT

മേരിലാൻഡ്∙ യുഎസിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ചു പാലം തകർന്നതിനെത്തുടർന്നു പുഴയിൽ കാണാതായ ആറുപേരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മെക്‌സികോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്റ്സ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റേറ (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പറ്റാപ്‌സ്‌കോ പുഴയിൽ ഒരു ചുവന്ന പിക്കപ്പിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മറ്റു നാലുപേർക്കുമായുള്ള തിരച്ചിൽ അവസാനിപ്പിച്ചു. പാലം തകർന്നുണ്ടായ അവശിഷ്ടങ്ങളിലും കോൺക്രീറ്റിലും മറ്റു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അവശിഷ്ടങ്ങൾ നീക്കം ചെയ്തു കഴിഞ്ഞാൽ അന്വേഷണം പുനരാരംഭിക്കും. മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, എന്നിവിടങ്ങളിൽനിന്നെത്തിയ ആറു തൊഴിലാളികളെയാണു പാലം തകർന്നു കാണാതായത്. പാലം തകരുമ്പോൾ എട്ടു നിർമാണ തൊഴിലാളികളാണ് പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടുപേരെ രക്ഷിക്കാൻ സാധിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ചു, പ്രാഥമിക ചികിത്സകൾ നൽകി വിട്ടയച്ചു.

യാത്ര തുടങ്ങി അരമണിക്കൂറിനുള്ളിലാണ് യുഎസിലെ ബാൾട്ടിമോറിൽ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിലിടിച്ച ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയാണു ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽനിന്നു കപ്പൽ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാൻസിസ് സ്കോട്ട് കീ പാലത്തിന്റെ തൂണിലേക്കു കപ്പൽ ഇടിച്ചു കയറി. മേരിലാൻഡ് സംസ്ഥാനത്തെ ബാൾട്ടിമോർ നഗരത്തിൽ പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റർ) ദൂരത്തില്‍ നാലുവരിയാണ് ഫ്രാൻസിസ് സ്കോട്ട് കീ പാലം. ഇടിയുടെ ആഘാതത്തിൽ പാലം പൂർണമായും തകർന്നു നദിയിലേക്കു വീഴുകയായിരുന്നു. 

∙ കപ്പലിന്റെ ബ്ലാക് ബോക്സ് പരിശോധനയ്ക്ക്

അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പലിന്റെ ബ്ലാക് ബോക്സ് പരിശോധനയ്ക്ക് അയച്ചു. തുറമുഖം വിട്ട് അരമണിക്കൂറിനകം കപ്പലിലെ വൈദ്യുതി പൂർണമായി നിലയ്ക്കുകയും എൻജിൻ പ്രവർത്തനരഹിതമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണമറ്റ് വെള്ളത്തിൽ ഒഴുകിയ കപ്പൽ ചൊവ്വാഴ്ച പുലർച്ച ഒന്നരയോടെ പാലത്തിൽ ചെന്നിടിക്കുകയായിരുന്നു. എഫ്ബിഐ അടക്കമുള്ള യുഎസ് ഏജൻസികളാണ് അന്വേഷണം നടത്തുന്നത്.

അപകടത്തിനു മുൻപേ അപായസന്ദേശം നൽകി പാലത്തിലെ ഗതാഗതം നിർത്തിവയ്പിക്കാൻ അധികൃതരെ സഹായിച്ചതിനു കപ്പലിന്റെ 2 പൈലറ്റുമാരെയും ഇന്ത്യക്കാരായ ജീവനക്കാരെയും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അഭിനന്ദിച്ചു. പാലം ഫെഡറൽ സർക്കാരിന്റെ ചെലവിൽ പുനർനിർമിക്കുമെന്നും ബൈഡൻ പറഞ്ഞു. കപ്പൽ ജീവനക്കാരിൽ ഒരാൾക്ക് ചെറിയ പരുക്കേറ്റെങ്കിലും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായി കപ്പൽ കമ്പനി അറിയിച്ചു.

English Summary:

Two bodies recovered from Patapsco River

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com