ഓടുന്ന കാറിൽ മൽപ്പിടിത്തം; അനുജ ഇരുന്ന ഭാഗത്തെ ഡോർ 3 തവണ തുറന്നു, കാൽ വെളിയിൽ വന്നതായി ദൃക്സാക്ഷി
Mail This Article
പത്തനംതിട്ട∙ പട്ടാഴിമുക്കില്‍ കാറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. കാർ ഓടുന്നതിനിടെ അകത്ത് മൽപ്പിടിത്തം നടന്നതായി സംശയിക്കുന്നുവെന്ന് ദൃക്സാക്ഷിയായ ഗ്രാമപഞ്ചായത്തംഗം ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ അനുജ ഇരുന്ന ഭാഗത്തെ ഡോർ മൂന്നു തവണ തുറന്നുവെന്നും ശങ്കർ പറഞ്ഞു. ‘ഞാനും എന്റെ സുഹൃത്ത് ഗോകുലും കൂടി ഇന്നലെ രാത്രി കൊല്ലം വരെ പോയശേഷം അടൂർ വഴിയാണ് തിരികെവന്നത്. അമിത വേഗത്തിൽ പോയ കാറിനെ ന്യൂമാൻ സെൻട്രൽ സ്കൂളിനു സമീപം വച്ചാണ് ശ്രദ്ധയിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡോർ മൂന്നു തവണ തുറന്നു. കാൽ വെളിയിൽ വന്നു. ശാരീരികമായി ആരെയോ ഉപദ്രവിക്കുകയാണെന്ന് മനസിലായി. സ്കൂളിന് സമീപം ഈ വാഹനം നിർത്തി. വാഹനത്തിലുണ്ടായിരുന്ന പെൺകുട്ടി അവിടെ ഇറങ്ങുകയും ചെയ്തു. നമ്മൾ പിന്നീട് വിട്ടുപോയി. ഇന്ന് രാവിലെ എഴുന്നേറ്റപ്പോഴാണ് ബാക്കി സംഭവങ്ങൾ അറിയുന്നത്. ഡ്രൈവ് ചെയ്യുന്ന ആളുടെ നിയന്ത്രണത്തില്‍ അല്ലായിരുന്നു വാഹനം. ധാരാളം പേർ കള്ളുകുടിച്ച് വണ്ടിയോടിക്കുന്ന ഒരു സ്ഥലമാണത്. അതുകൊണ്ടാണ് പൊലീസിനെ അറിയിക്കാത്തത്. പൊലീസിനെ അറിയിച്ചാലും അവർക്ക് എത്താൻ സാധിക്കുമായിരുന്നില്ല. പെൺകുട്ടി പുറത്തിറങ്ങിയിട്ടും അസ്വാഭാവികത തോന്നിയില്ല.’ – ശങ്കർ പറഞ്ഞു. കാർ തെറ്റായ ദിശയിൽ അമിതവേഗതയിലെത്തി ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ലോറി ഉടമയുടെ മകൻ ഗോകുലും പറഞ്ഞു.
ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മരിച്ച തുമ്പമൺ നോർത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജയും (36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിമും (35) സുഹൃത്തുക്കളാണ്. ഇരുവരും ഏറെകാലമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം.സ്കൂളിലെ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. പിന്നാലെ മരണവാര്‍ത്തയാണ് സുഹൃത്തുക്കള്‍ അറിയുന്നത്. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
തിരുവനന്തപുരത്തേക്കാണ് അനുജ സഹ അധ്യാപകർക്കൊപ്പം വിനോദയാത്ര പോയത്. അനുജയെ ഹാഷിം കൂട്ടിക്കൊണ്ടുപോകുമ്പോള്‍ മറ്റു അസ്വഭാവികതളുണ്ടായിരുന്നില്ലെന്നാണ് സഹ അധ്യാപകര്‍ പറയുന്നത്. അനുജയെ വാഹനത്തിന്‍റെ വാതിൽ വലിച്ചു തുറന്നാണ് ഹാഷിം കൂട്ടിക്കൊണ്ട് പോയതെന്ന് അധ്യാപകര്‍ പറഞ്ഞു. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും സൂചനയുണ്ട്. സഹ അധ്യാപകരാണ് ഇക്കാര്യം പറഞ്ഞത്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിട്ടുണ്ട്. കാർ എതിർദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.
കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ മൊഴി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്.