ആര്‍എസ്എസ് ബന്ധം തെളിയിക്കാനായില്ല; അന്വേഷണം നിലവാരമില്ലാത്തത്, പ്രോസിക്യൂഷൻ പരാജയമെന്നും കോടതി
Mail This Article
കാസർകോട്∙ മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസ് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി എന്ന് റിപ്പോർട്ട്. കോടതിയുടെ വിധിപ്പകര്‍പ്പിലാണ് ഗുരുതരവീഴ്ചകള്‍ എണ്ണിപ്പറയുന്നത്. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂര്‍ണമായും പരാജയപ്പെട്ടു.
പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധക്കേസില്‍ നടന്നത് നിലവാരമില്ലാത്ത അന്വേഷണമെന്നും കോടതി വിലയിരുത്തി. പ്രതികള്‍ക്ക് മുസ്‍ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമാണ്. പക്ഷേ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്നും വിധിപ്പകര്‍പ്പിൽ പറയുന്നു.
മുറിയില്‍നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചിക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്നും വിധിപ്പകര്‍പ്പില്‍ നിരീക്ഷിക്കുന്നുണ്ട്. മരണത്തിന് മുന്‍പ് റിയാസ് മൗലവിയുമായി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തി. ഒന്നാം പ്രതിയുടെ വസ്ത്രങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് നല്‍കിയില്ല. അതിനാല്‍ വസ്ത്രങ്ങള്‍ പ്രതിയുടേതാണോ എന്ന് വ്യക്തമായില്ല.
അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കരുതാന്‍ സാധിക്കും. തെളിവെടുപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് കരുതുന്നതായും കോടതി പറയുന്നു. കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും വെറുതെ വിട്ടുകൊണ്ട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് വെറുതെ വിട്ടത്.
കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.കെ.ബാലകൃഷ്ണനാണ് വിധി പറഞ്ഞത്. കാസർകോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20 നാണു കൊല്ലപ്പെട്ടത്. രാത്രി ചൂരിയിലെ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസ് മൗലവിയെ പ്രതികൾ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.