കോളജ് വിദ്യാർഥി അറിയാതെ ബാങ്ക് അക്കൗണ്ടിൽ നടന്നത് 46 കോടിയുടെ സാമ്പത്തിക ഇടപാട്; അന്വേഷണം
Mail This Article
ഭോപാൽ∙ മധ്യപ്രദേശിലെ ഗ്വാളിയറിൽ കോളജ് വിദ്യാർഥിയായ യുവാവ് അറിയാതെ സ്വന്തം ബാങ്ക് അക്കൗണ്ടിൽ നടന്നത് 46 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാട്. പ്രമോദ് കുമാർ ദണ്ഡോതിയ എന്ന 25 വയസ് പ്രായമുള്ള യുവാവ് തന്റെ പാൻ കാർഡ് വഴി ഒരു കമ്പനി റജിസ്റ്റർ ചെയ്തതായി ആദായനികുതി വകുപ്പ്, ജിഎസ്ടി എന്നിവയിൽ നിന്ന് നോട്ടീസ് ലഭിച്ചപ്പോഴാണ് വിവരം അറിയുന്നത്. 2021ൽ മുംബൈയിലും ഡൽഹിയിലുമായാണ് കമ്പനി പ്രവർത്തിച്ചത്.
തന്റെ പാൻ കാർഡ് എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് അറിയില്ലെന്ന് പ്രമോദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആദായനികുതി വകുപ്പിൽ നിന്നും ജിഎസ്ടിയിൽ നിന്നും നോട്ടീസ് ലഭിച്ചപ്പോഴാണ് ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് അറിയുന്നത്. ‘ഞാനൊരു കോളജ് വിദ്യാർഥിയാണ്. 2021ലാണ് മുംബൈയിലും ഡൽഹിയിലും എന്റെ പാൻ കാർഡ് ഉപയോഗിച്ച് ഒരു കമ്പനി പ്രവത്തിച്ചിരിക്കുന്നത്. 46 കോടിയോളം രൂപയുടെ ഇടപാടാണ് പാൻ കാർഡ് നമ്പർ ഉപയോഗിച്ച് നടന്നിട്ടുള്ളത്. ആദായനികുതി വകുപ്പിൽ നിന്നും വിവരം ലഭിച്ചപ്പോൾ തന്നെ അവരോട് സംസാരിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പല തവണ പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചില്ല. ഇന്നലെ എഎസ്പിയുടെ ഓഫിസിൽ പരാതി നൽകിയിട്ടുണ്ട്.’ – പ്രമോദ് കുമാർ പറഞ്ഞു.
യുവാവിന്റെ പരാതി ലഭിച്ചെന്ന് എഎസ്പി കെ.എം.ഷിയാസ് പറഞ്ഞു. രേഖകൾ പരിശോധിച്ചപ്പോൾ പാൻകാർഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് മനസിലാക്കിയത്. അന്വേഷണം ശക്തമാക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.