ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ രണ്ടു നോട്ടിസ്. 1800 കോടി രൂപയുടെ നോട്ടിസ് വന്നതിന് പിറകേയാണ് പുതിയ രണ്ടു നോട്ടിസുകൾ കൂടി ലഭിച്ചതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചത്. ‘ടാക്സ് ടെററിസ’ത്തിന്റെ ലക്ഷ്യം കോൺഗ്രസാണ്. പ്രതിപക്ഷ പാർട്ടികളെ തളർത്താനാണ് മോദിയുടെ ശ്രമമെന്നും ജയറാം രമേശ് പറഞ്ഞു.

2020–21, 2021–22 വർഷങ്ങളിലെ പിഴയും പലിശയും അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് പുതിയ നോട്ടിസ്. ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. 

ആദായ നികുതി വകുപ്പിന്റെ നോട്ടിസുകളെ ചോദ്യം ചെയ്ത് കോൺഗ്രസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഹർജി കോടതി തള്ളി. ഇതിനുതൊട്ടുപിറകേയാണ് ആദായനികുതി വകുപ്പ് 1800 കോടി രൂപയുടെ നോട്ടിസ് അയച്ചത്. 

നടപടിയെ ബിജെപി സർക്കാരിന്റെ ‘ടാക്സ് ടെററിസം’ എന്നുവിശേഷിപ്പിച്ച് രാഹുൽ ഗാന്ധിയും രംഗത്തുവന്നിരുന്നു. ഭരണമാറ്റമുണ്ടാകുമ്പോൾ ജനാധിപത്യം നശിപ്പിച്ചവർക്കെതിരെ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പിന്നീടൊരിക്കലും ഇത്തരം നീചമായ പ്രവൃത്തിചെയ്യാൻ അനുവദിക്കാത്ത തരത്തിൽ നടപടിയെടുക്കുമെന്നായിരുന്നു രാഹുലിന്റെ മുന്നറിയിപ്പ്. ബിജെപി നികുതി ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും അവരിൽ നിന്ന് 4600 കോടി രൂപ നികുതി ഈടാക്കണമെന്നും കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആവശ്യപ്പെട്ടു. കോൺഗ്രസിന് നോട്ടിസ് അയച്ച സംഭവത്തിൽ ഏപ്രിൽ ഒന്നിന് സുപ്രീംകോടതിയെ വീണ്ടും സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല രംഗത്തെത്തി. ‘‘രാജ്യത്തെ ഭരണഘടനയ്ക്കും നിയമത്തിനും മുകളിലാണ് തങ്ങളെന്നാണ് കോൺഗ്രസ് കരുതുന്നത്. നികുതി നൽകാതെ ഇരവാദം നടത്താമെന്നാണ് അവർ കരുതുന്നത്. സാധാരണക്കാർ നികുതി നല്ഡകുന്നു. പക്ഷെ കോൺഗ്രസ് സ്വയം തങ്ങൾ വിവിഐപികളുടെ പട്ടികയിൽ പെടുത്തി നികുതി തരാൻ മടിക്കുന്നു.രാജ്യത്തെ സംവിധാനങ്ങളെ ആക്രമിക്കുന്ന തലത്തിലേക്ക് കോൺഗ്രസ് എത്തി. ഇത് കോൺഗ്രസിന്റെ നൈരാശ്യം എത്രത്തോളമാണെന്നാണ് കാണിക്കുന്നത്. അവരുടെ എംപിയായ ധീരജ് സഹുവിൽ നിന്ന് 350 കോടി രൂപയാണ് കണ്ടെടുത്തത്. അവർക്ക് പണമല്ല ഇല്ലാത്തത്, കോൺഗ്രസ് പാർട്ടിക്ക് നേതാക്കളും ലക്ഷ്യവുമാണ് ഇല്ലാത്തത്.’’പൂനവാല പറഞ്ഞു. 

English Summary:

Rahul Gandhi And Congress against BJP, says action will be taken when in power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com