‘കേജ്‍രിവാളിനെയും സോറനെയും മോചിപ്പിക്കുക’: റാലിയിൽ 5 ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഇന്ത്യ സഖ്യം
Mail This Article
ന്യൂഡൽഹി ∙ പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി രാജ്യതലസ്ഥാനത്ത് ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം. ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാളിന്റെ ഭാര്യ സുനിത റാലിയെ അഭിസംബോധന ചെയ്തു. ജയിലിൽനിന്നുള്ള കേജ്‍രിവാളിന്റെ സന്ദേശം സുനിത വേദിയിൽ വായിച്ചു.
പാവപ്പെട്ടവരിൽനിന്നു ഭരണഘടനയെ തട്ടിയെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചില കോടീശ്വരന്മാരും ചേർന്നു ‘മാച്ച് ഫിക്സിങ്’ നടത്തുകയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഭരണഘടന രാജ്യത്തെ ജനങ്ങളുെട ശബ്ദമാണ്. എന്ന് അത് അവസാനിക്കുന്നോ, അന്ന് ഈ രാജ്യവും ഇല്ലാതാകും. ഇത്തവണ കരുതി വോട്ട് രേഖപ്പെടുത്തിയില്ലെങ്കിൽ ഈ മാച്ച് ഫിക്സിങ് വിജയിക്കും. അങ്ങനെ സംഭവിച്ചാൽ ഭരണഘടന ഇല്ലാതാകും. 400 സീറ്റുകൾ ലഭിച്ചാൽ ഭരണഘടന മാറ്റുമെന്നാണ് ഒരു ബിജെപി നേതാവ് പറഞ്ഞതെന്നും രാഹുൽ കൂട്ടിച്ചേർത്തു.
കേജ്‍രിവാൾ രാജിവയ്ക്കണമോ എന്ന സുനിതയുടെ ചോദ്യത്തിനു വേണ്ട എന്നു ജനക്കൂട്ടം മറുപടി നൽകി. ഒരു കാരണവുമില്ലാതെയാണു കേജ്‍രിവാളിനെ ജയിലിൽ അടച്ചിരിക്കുന്നതെന്നും അദ്ദേഹത്തിനു നീതി ലഭിക്കണമെന്നും സുനിത പറഞ്ഞു. കേജ്‍രിവാളിനായുള്ള പ്രതിഷേധമല്ലെന്നും ഇതു ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും സുനിത വ്യക്തമാക്കി. രാംലീല മൈതാനത്തെ റാലിയിൽ 28 പാർട്ടികളാണു പങ്കെടുത്തത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള റാലിയിൽ ഇന്ത്യാസഖ്യം 5 ആവശ്യങ്ങൾ മുന്നോട്ടുവച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാവർക്കും തുല്യ അവസരം ഒരുക്കുക, തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ഉദ്ദേശ്യത്തോടെ കേന്ദ്ര ഏജൻസികൾ പ്രതിപക്ഷത്തിനെതിരെ നടത്തുന്ന നീക്കം തടയുക, കേജ്‍രിവാളിനെയും ഹേമന്ത് സോറനെയും എത്രയും പെട്ടെന്നു മോചിപ്പിക്കുക, പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി ഞെരുക്കുന്നത് അവസാനിപ്പിക്കുക, തിരഞ്ഞെടുപ്പ് കടപ്പത്രം വഴി ബിജെപി നേടിയ പണത്തെപ്പറ്റി സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക സമിതി അന്വേഷിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, എൻസിപിയുടെ ശരദ് പവാർ, ശിവസേനയുടെ (ഉദ്ധവ് വിഭാഗം) ഉദ്ധവ് താക്കറെ, ആർജെഡിയുടെ തേജസ്വി യാദവ്, ജാർഖണ്ഡ് മുഖ്യമന്ത്രി ചംപയ് സോറൻ, നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുല്ല, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, ഡിഎംകെയുടെ തിരുച്ചി ശി തുടങ്ങിയവർ വേദിയിലെത്തി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപനയും റാലിയുടെ ഭാഗമായുണ്ട്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്. ഇന്ത്യ സഖ്യത്തിന്റെ സമ്മേളനവേദിയിലെ കേജ്‌രിവാളിന്റെ ചിത്രം നീക്കി. കേജ്‌രിവാള്‍ ജയിലില്‍ നില്‍ക്കുന്ന തരത്തിലുള്ള ചിത്രമാണ് വച്ചിരുന്നത്.
റാലി ‘ജനാധിപത്യത്തെ രക്ഷിക്കാൻ’ ഉള്ളതല്ലെന്നും ‘കുടുംബത്തെ രക്ഷിക്കാനും’ ‘അഴിമതി മൂടിവയ്ക്കാനും’ ഉള്ളതാണെന്നും ബിജെപി ആരോപിച്ചു. ഒരിക്കൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിക്കെതിരെ പ്രതിഷേധം നടത്തിയ രാംലീല മൈതാനത്ത് ഇന്ന് അഴിമതിക്കാരായ എല്ലാവരും ഒത്തുചേർന്നിരിക്കുകയാണെന്നും ബിജെപി വക്താവ് സുധാൻഷു ത്രിവേദി കുറ്റപ്പെടുത്തി.