പടക്കുതിരകളെ ഒഴിവാക്കി ബിജെപിയുടെ പരീക്ഷണം, സഖ്യശക്തിയിൽ അക്കൗണ്ട് തുറക്കാൻ എഎപി: ഡൽഹി ആരെ തുണയ്ക്കും?
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഏഴഴകാണ് ഈ മണ്ഡലങ്ങൾക്കെന്നു പറയാം. ഡൽഹി സംസ്ഥാനത്തെ ഈ സപ്തമണ്ഡലങ്ങൾ സപ്തർഷികളെപ്പോലെ വിഐപികളും. കാരണം ഇവ രാജ്യതലസ്ഥാനത്തെ ചരിത്രവും പെരുമയും ലഭിക്കുന്ന മണ്ഡലങ്ങളുമാണ്. ഈ എംപിമാരാകട്ടെ പലപ്പോഴും പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും എംപിമാരും ആകും. തീർന്നില്ല, ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റും സുപ്രീംകോടതിയും തുടങ്ങി തലയെടുപ്പുള്ളതെല്ലാം ഇവർ പ്രതീനിധീകരിക്കുന്നു. ആഭ്യന്തരം ഉള്‍പ്പെടെ ഏറെ മേഖലകള്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലായതിനാല്‍, കേന്ദ്രം ആരു ഭരിക്കാന്‍ പോകുന്നുവെന്നത് കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിക്ക് ഏറെ നിര്‍ണായകമാണ്. സംസ്ഥാനത്ത് അധികാരത്തിലുണ്ടെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിക്ക് (എഎപി) നിലവിൽ ലോക്സഭയില്‍ എംപിമാരില്ല. പഞ്ചാബിലെ ജലന്ധറിൽ നിന്നുള്ള ഏക എംപി സുശീൽ കുമാർ റിങ്കു അടുത്തിടെ ബിജെപിയിൽ ചേർന്നു.
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആകട്ടെ ഇ.ഡി കേസിൽ ജയിലിലും. ഒരുകാലത്ത് രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ വിജയം നേടിയ കോണ്‍ഗ്രസിന് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും സമ്പൂര്‍ണ വിജയം നേടിയ ബിജെപിയാകട്ടെ, തികഞ്ഞ ആത്മവിശ്വാസത്തിലും. ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, ചാന്ദ് നി ചൗക്ക് എന്നീ 7 ലോക്സഭാ സീറ്റുകളാണ് ഡൽഹിയിലുള്ളത്. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഭരണസിരാകേന്ദ്രമായ ഡൽഹിയെ പോരാട്ടത്തിന്റെ തീച്ചൂളയിൽ എത്തിച്ചു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി കോൺഗ്രസും എഎപിയും സഖ്യത്തിലാണ് മത്സരിക്കുന്നത്. അതോടെ എൻഡിഎയും ഇന്ത്യ മുന്നണിയും നേരിട്ടുള്ള പോരാട്ടമായി മാറി. അതേസമയം ആപ്പിനെതിരെയുള്ള നടപടി എങ്ങനെ വോട്ടറെ ബാധിക്കും. ബിജെപി, എഎപി, കോൺഗ്രസ് എന്നിവ എങ്ങനെ ഒരുങ്ങുന്നുവെന്നു നോക്കാം.
∙ പടക്കുതിരകളെ ബിജെപി ഒഴിവാക്കിയതെന്തിന് ?
മൂന്നാം തവണയും രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ വിജയം നേടാനാണ് ബിജെപിയുടെ ശ്രമം. എഎപി സർക്കാരിനെതിരെ അഴിമതിയാരോപണങ്ങൾ നിരത്തിയാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണം. കേജ്‌രിവാളിന്റെ അറസ്റ്റും ബിജെപി ആയുധമാക്കുന്നു. ഒപ്പം മറ്റിടങ്ങളിലേതു പോലെ മോദി ഗ്യാരന്റി ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണത്തിനു കൂടിയാണ് ബിജെപി ഒരുങ്ങുന്നത്. ഏഴു സീറ്റില്‍ ആറു സിറ്റിങ് എംപിമാരെയും ഒഴിവാക്കിയാണ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. 2014 ലും 2019 ലും വിജയിച്ച മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ (ചാന്ദ് നി ചൗക്ക്), കേന്ദ്രമന്ത്രി മീനാക്ഷി ലേഖി (ന്യൂഡൽഹി), രമേഷ് ബിധുരി (സൗത്ത് ഡല്‍ഹി), പർവേഷ് സാഹിബ് സിങ് വർമ (വെസ്റ്റ് ഡല്‍ഹി) എന്നിവരെയും ക്രിക്കറ്റ് താരം ഗൗതം ഗംഭീർ (ഈസ്റ്റ് ഡൽഹി), ഗായകൻ ഹൻസ് രാജ് ഹൻസു (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി) എന്നിവരെയുമാണ് ഒഴിവാക്കിയത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിൽ നിന്നുള്ള സിറ്റിങ് എംപിയും ഗായകനുമായ മനോജ് തിവാരിയെ മാത്രമാണ് നിലനിർത്തിയത്. എഎപി സർക്കാരിനെതിരായ ബിജെപിയുടെ പോരാട്ടത്തിൽ മുൻനിരയിലുള്ളയാളാണ് മനോജ് തിവാരി.
സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ഹർഷ് വർധനും ഗൗതം ഗംഭീറും പ്രഖ്യാപിച്ചിരുന്നു. ലോക്സഭയിൽ ബിഎസ്‍പി അംഗം ഡാനിഷ് അലിക്കെതിരെ രമേഷ് ബിധുരി വിദ്വേഷ പരാമർശങ്ങൾ നടത്തിയത് വിവാദമായിരുന്നു. പർവേഷ് സാഹിബ് സിങ് വർമയുടെ ചില പരാമർശങ്ങളും വിവാദത്തിൽപ്പെട്ടിരുന്നു. മീനാക്ഷി ലേഖിയുടെ മണ്ഡലമായിരുന്ന ന്യൂഡൽഹിയിൽ അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകൾ ബൻസുരി സ്വരാജിനാണ് സീറ്റു നൽകിയിരിക്കുന്നത്. ബൻസുരി സ്വരാജ് (ന്യൂഡൽഹി), യോഗേന്ദ്ര ചന്ദോളിയ (നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി), ഹർഷ് മൽഹോത്ര (ഈസ്റ്റ് ഡല്‍ഹി), ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി (സൗത്ത് ഡല്‍ഹി), വ്യവസായിയും വ്യാപാരി നേതാവുമായ പ്രവീൺ ഖണ്ഡേൽവാള്‍ (ചാന്ദ് നി ചൗക്ക്), കമൽജീത് സെഹ്‌രാവത്ത് (വെസ്റ്റ് ഡല്‍ഹി) എന്നിവരാണു പുതിയ സ്ഥാനാർഥികള്‍.
∙ പ്രതാപം തിരിച്ചുപിടിക്കുമോ കോണ്‍ഗ്രസ്
2009ലെ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് ക്ഷീണാവസ്ഥയിലാണ് കോണ്‍ഗ്രസ്. പലതവണ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും വിജയിച്ച കോണ്‍ഗ്രസിന് 2009 നു ശേഷം ഒരു സീറ്റില്‍ പോലും ജയിക്കാനായിട്ടില്ല. 2014, 2019 തിരഞ്ഞെടുപ്പുകളില്‍ സംസ്ഥാനം മുഴുവന്‍ ബിജെപി തൂത്തുവാരിയിരുന്നു. പല സീറ്റുകളിലും രണ്ടാം സ്ഥാനത്തെത്താനായതാണ് കോണ്‍ഗ്രസിന്റെ ഏക ആശ്വാസം. ഇന്ത്യ മുന്നണിക്കു കീഴില്‍ എഎപിയുമായി ചേർന്നു മത്സരിക്കുന്ന കോൺഗ്രസ്, ബിജെപിയെ തോല്‍പിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുമ്പോഴും പഴയ പ്രതാപം തിരിച്ചുപിടിക്കുക കൂടിയാണ് ഇത്തവണ ഉന്നമിടുന്നത്. എഎപിയുമായി സീറ്റുവിഭജനത്തില്‍ മഞ്ഞുരുക്കാനായത് കോണ്‍ഗ്രസിന് നേരിയ ആശ്വാസം നല്‍കുന്നുണ്ട്. സീറ്റു വിഭജനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസിനു കൈകൊടുക്കാന്‍ മടിച്ചുനിന്ന എഎപി, രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് മനസ്സുമാറ്റിയത്. എഎപി 4 സീറ്റിലും കോണ്‍ഗ്രസ് 3 സീറ്റിലും മത്സരിക്കാന്‍ ധാരണയായി. 2019ലെ തിരഞ്ഞെടുപ്പില്‍ പല സീറ്റിലും രണ്ടാമത്തെത്തിയതു സൂചിപ്പിച്ചാണ് കോണ്‍ഗ്രസ് എഎപിയുടെ മനസ്സുമാറ്റിയത്. ഒരു ഘട്ടത്തില്‍ സീറ്റു വിഭജന ചര്‍ച്ചകള്‍ വഴിമുട്ടുക പോലും ചെയ്തിരുന്നു. കോണ്‍ഗ്രസിനു ഒരു സീറ്റെന്നായിരുന്നു എഎപിയുടെ നിലപാട്.
∙ സഖ്യശക്തിയിൽ അക്കൗണ്ട് തുറക്കാൻ എഎപി
2013 മുതല്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എഎപി ലോക്സഭയിൽ അംഗബലം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ്. പഞ്ചാബിലും അധികാരം പിടിക്കാനായെങ്കിലും ലോക്സഭയിൽ എഎപിക്ക് പ്രതാപമില്ല. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ 7 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും എല്ലായിടത്തും തോല്‍വിയായിരുന്നു ഫലം. ഇത്തവണ അതു തിരുത്തുകയാണ് എഎപി ലക്ഷ്യമിടുന്നത്. പാർട്ടിയുടെ നിലവിലുള്ള ഏക എംപിയായ സുശീൽ കുമാർ റിങ്കു പാർട്ടി വിട്ടത് ക്ഷീണമായി. കോൺഗ്രസിന്റെ സന്തോഖ് സിങ് ചൗധരിയുടെ വിയോഗത്തെ തുടര്‍ന്നായിരുന്നു അന്ന് ഉപതിരഞ്ഞെടുപ്പ്. നേരത്തേ കോൺഗ്രസ് അംഗമായിരുന്ന സുശീൽ കുമാർ റിങ്കു, 2017ൽ ജലന്ധർ വെസ്റ്റിൽ നിന്ന് പഞ്ചാബ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം, അഴിമതിയെ തൂത്തെറിയുമെന്ന് അവകാശപ്പെട്ട് ഡൽഹിയിൽ ഭരണത്തിലെത്തിയ എഎപി നിലവില്‍, അഴിമതിയാരോപണങ്ങളിൽ പെട്ട് ശ്വാസം മുട്ടുകയാണ്. മദ്യനയ അഴിമതി കേസും അതുമായി ബന്ധപ്പെട്ട് രണ്ടു മന്ത്രിമാര്‍ ജയിയിലായതും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റും എഎപിയെ അലട്ടുന്നുണ്ട്. മുഖ്യമന്ത്രിയുടെ അറസ്റ്റ് ലോക്സഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള ബിജെപിയുടെ തന്ത്രമാണെന്ന് എഎപി അവകാശപ്പെടുന്നുണ്ടെങ്കിലും അതു പാര്‍ട്ടിക്കു ക്ഷീണമാണ്. മുഖ്യമന്ത്രിയുടെ വസതി നവീകരിച്ചതുമായി ബന്ധപ്പെട്ട വിവാദം തണുപ്പിക്കാനും പാര്‍ട്ടി ഏറെ പാടുപെട്ടു. ഇതെല്ലാം മറികടക്കുക കൂടിയാണ് കോണ്‍ഗ്രസുമായി സഖ്യത്തിലാകുവഴി പാര്‍ട്ടി ലക്ഷ്യമിടുന്നത്.