ബിജുവിനെ കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ; കുടുംബത്തിന് 5 ലക്ഷം കൈമാറി
Mail This Article
പത്തനംതിട്ട∙ തുലാപ്പള്ളിയിൽ ഓട്ടോഡ്രൈവറായ ബിജുവിനെ ആക്രമിച്ചു കൊന്ന ഒറ്റയാനെ വെടിവച്ചു കൊല്ലാന്‍ ശുപാര്‍ശ നല്‍കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 50 ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ ചെയ്യും. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സ്ഥിരമാക്കും. ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോടു നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. ഡെപ്യൂട്ടി റേഞ്ചറെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതോടെ യോഗത്തില്‍ ബഹളമുണ്ടായി. യോഗതീരുമാനങ്ങള്‍ അറിയിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു. ബിജുവിന്റെ ഭാര്യയ്ക്ക് സഹായധനത്തിന്റെ ആദ്യഗഡുവായി അഞ്ചുലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബിജുവിന്റെ സംസ്‍കാരം ബുധനാഴ്ച തുലാപ്പള്ളി സെന്റ് .തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും.
ബിജു കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാട്ടുകാർ കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ആന്റോ ആന്റണി എംപി ഫോറസ്റ്റ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങിയതിനു പിന്നാലെയാണ് ജനകീയ പ്രതിഷേധം സ്റ്റേഷനിലേക്കെത്തിയത്. പ്രതിഷേധത്തിനിടെ പ്രദേശവാസികളും പൊലീസും തമ്മിൽ പലതവണ വാക്കേറ്റമുണ്ടായി. കാട്ടാനയാക്രമണത്തിൽ പരിഹാരമില്ലാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നായിരുന്നു പ്രദേശവാസികളുടെ നിലപാട്.
ബിജുവിന്റെ വീട് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഭാര്യയേയും മകനേയും മറ്റ് ബന്ധുക്കളേയും കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. നഷ്ടപരിഹാരം ഉടന്‍ തന്നെ നല്‍കണമെന്ന് ബന്ധുക്കള്‍ മന്ത്രിയോട് അഭ്യർഥിച്ചു. മാനദണ്ഡങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരം ഉടന്‍ തന്നെ ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ബിജു കൊല്ലപ്പെട്ടത്. ശബ്ദം കേട്ട് വീട്ടുമുറ്റത്തേക്ക് ഇറങ്ങിയതായിരുന്നു ബിജു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വീടിന്റെ മുറ്റത്തെ കൃഷികൾ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് ആനയെ ഓടിക്കാന്‍ ബിജു ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. പിന്നീട് വീട്ടിൽനിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പൊലീസും കണമല വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാര്‍ മൃതദേഹം സ്ഥലത്തുനിന്നും മാറ്റാന്‍ പൊലീസിനെ അനുവദിച്ചിരുന്നില്ല. കലക്ടർ ഉൾപ്പെടെയുള്ളവർ എത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കലക്ടർ എത്തിയതോടെയാണ് രാവിലെ പ്രതിഷേധം തണുത്തത്.