‘കരുവന്നൂരുകാരുടെ പണം നൽകിയില്ലെങ്കിൽ പാർലമെന്റിൽ പോരാടും; ഇ.ഡി അവരുടെ ജോലി കൃത്യസമയത്തു ചെയ്യും’
Mail This Article
തൃശൂർ∙ കരുവന്നൂരിൽ താൻ നടത്തിയത് തൃശൂരുകാരുടെ സമരമെന്ന് നടനും തൃശൂർ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി. ഇ.ഡി അവരുടെ ജോലി കൃത്യസമയത്തു ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിലൊന്നും നമുക്ക് ഇടപെടാനാകില്ല. പരസ്പരം ഡീൽ ചെയ്തവരാണ് ബിജെപിക്കെതിരെ വിമർശനവുമായി വരുന്നതെന്നും സുരേഷ് ഗോപി പരിഹസിച്ചു. ഇ.ഡിയെ നിശിതമായി വിമർശിച്ച കെ. മുരളീധരനോട്, ഇ.ഡിയുടെ മുന്നിൽ പോയി സത്യഗ്രഹമിരിക്കാനും സുരേഷ് ഗോപി ഉപദേശിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മുരളീധരന്റെ പേരെടുത്തു പറയാതെയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
‘‘ഇവിടെ കരുവന്നൂരിൽ സമരവും പദയാത്രയും നടത്തി. ഞാൻ കൊടിയും പിടിച്ച് നടന്നുവെന്നേയുള്ളൂ. പക്ഷേ, എനിക്കു മുന്നിലും പിന്നിലും ചുറ്റിലുമെല്ലാം നടന്നത് ഇവിടുത്തെ നാട്ടുകാരാണ്. അത് തൃശൂരുകാരുടെ സമരമാണ്. എന്റെ സമരമല്ല. ഇതിലെല്ലാം നിയമപരമായ നടപടികൾ ഒരു വശത്തുകൂടി വരുന്നുണ്ട്. ഇ.ഡി അവരുടെ വഴിക്കു പോകും. അതിലൊന്നും നമുക്ക് ഇടപെടാൻ സാധിക്കില്ല. അവർ അവരുടെ കൃത്യമായ സമയത്ത് ആ ജോലിയെല്ലാം ചെയ്യും. ഈ ഡീലാക്കി വച്ചിരിക്കുന്ന സംഘാംഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും എല്ലാം അഡ്ജസ്റ്റ്മെന്റാക്കി വച്ചിട്ട് ഞങ്ങൾക്കു നേരെ ആരോപണം ഉന്നയിക്കുകയാണ്.’’ – സുരേഷ് ഗോപി പറഞ്ഞു.
‘‘ഞാൻ പറഞ്ഞിട്ടില്ലേ, എന്റെ മുന്നിൽ മുരളിച്ചേട്ടനുമില്ല, കർഷകനുമില്ല. എന്റെ മുന്നിൽ സമ്മതിദായകരേയുള്ളൂ, ജനങ്ങളേയുള്ളൂ; അവരുടെ തൃശൂരും. അത്രേയുള്ളൂ എന്റെ മുന്നിൽ. സഹകരണ പ്രസ്ഥാനങ്ങളിലെ അധമം, അതു തൂക്കിലേറ്റണം. അത് അങ്ങനെ തന്നെയാണ്. കരുവന്നൂരിലെ ജനങ്ങളുടെ പണവുമായി ബന്ധപ്പെട്ട് മാത്രമാണ് എന്റെ ഇടപെടൽ. അവരുടെ പണം തിരിച്ചുകിട്ടണം. അവർക്കു വാഗ്ദാനം ചെയ്ത പലിശയടക്കം. ഇന്ന് പ്രാബല്യത്തിലുള്ള പലിശ എത്രയാണോ, അതടക്കം തിരിച്ചുകൊടുക്കണം.
‘‘ഇനി അഥവാ അവർ തിരിച്ചു കൊടുക്കുന്നില്ലെങ്കിൽ, പുതിയ പാർലമെന്റ് വരുന്നതോടുകൂടി ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം കൊണ്ടുവരുന്നതിനായി അവിടെ പോരാടും. അതിനാണ് പ്രാഥമികമായിട്ടു ഞാൻ പോകുന്നത്. ഇതിൽ ഒരു സാമ്പത്തിക ഫാസിസമുണ്ട്. ആ ഫാസിസം തകർക്കണം, തൊലപ്പിക്കണം. ഇതിനു പിന്നിലാരാണ്, എന്താണ് എന്നെല്ലാം ഇ.ഡി പറഞ്ഞിട്ടില്ലേ? അത് അവരുടെ കണ്ടെത്തലാണ്. അത് കോടതിയെ അറിയിച്ചിട്ടുണ്ടാകും. വേണ്ടത് എന്താണെന്ന് കോടതി പറയും, അതിന് അനുസരിച്ച് അവർ വേണ്ടതു ചെയ്യും.’’ – സുരേഷ് ഗോപി പറഞ്ഞു.