ADVERTISEMENT

തിരുവനന്തപുരം∙ അരുണാചൽപ്രദേശിലെ ഹോട്ടൽ മുറിയിൽ ദമ്പതികളോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ ബി.നായരെ ഭീഷണിപ്പെടുത്തിയാകും വീട്ടിൽനിന്ന് കൊണ്ടുപോയതെന്ന് ബന്ധുക്കള്‍. കുട്ടിയെ എന്തെങ്കിലും പറഞ്ഞ് വിശ്വസിപ്പിച്ചോ, സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ കൊണ്ടുപോയിരിക്കാമെന്ന സംശയമാണുള്ളതെന്ന് ബന്ധു ഗിരിധരഗോപൻ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. ആര്യ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്. വട്ടിയൂർക്കാവ് മൂന്നാംമൂട് സ്വദേശിനി ദേവി, ഭർത്താവ് നവീൻ എന്നിവർക്കൊപ്പമാണ് ആര്യയെ ഹോട്ടൽ മുറിയിൽ രക്തംവാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരണമെന്നും ബന്ധുക്കൾ പറയുന്നു. ആര്യയെ ബലംപ്രയോഗിച്ച് കൊണ്ടുപോകാൻ സാധ്യതയില്ല. അങ്ങനെയുണ്ടായാൽ പ്രതികരിക്കാനുള്ള വിദ്യാഭ്യാസമുണ്ട്. സ്വാധീനം ചെലുത്തി കൊണ്ടുപോയിരിക്കാനാണ് സാധ്യത. കുട്ടിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാനും സാധ്യതയുണ്ട്. രാവിലെ സ്കൂളിൽ ജോലിക്കായി പോയ ആര്യ മടങ്ങിയെത്താത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നു. സ്കൂളിൽ വിളിച്ചപ്പോൾ അവധി അപേക്ഷ നൽകിയതായി മനസിലായി. പിന്നീടാണ് അച്ഛൻ വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയത്–ശിരിധരഗോപൻ പറയുന്നു.

ആര്യയുടെ പെരുമാറ്റത്തിൽ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പുറത്തുള്ളവരോട് അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല. വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ജൂൺ ആറിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. വീട്ടുകാർ വിവാഹം ക്ഷണിക്കുന്ന തിരക്കിലായിരുന്നു. വിവാഹം ആര്യയുടെ ഇഷ്ടത്തോടെയാണ് തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. പ്രതിശ്രുത വരനുമായി ആര്യ ഫോണിൽ സംസാരിച്ചിരുന്നു. സന്തോഷത്തോടെയാണ് കാണപ്പെട്ടതെന്നും ബന്ധുക്കൾ പറഞ്ഞു.

മൂന്നുപേരും മരിച്ച ഹോട്ടൽ മുറിയിൽ ബന്ധുക്കളുടെ ഫോൺ നമ്പരുകൾ രേഖപ്പെടുത്തിയിരുന്നു. അരുണാചൽ പൊലീസാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. മൂന്നുപേരുടെയും ബന്ധുക്കൾ അരുണാചലിലേക്ക് പോയിട്ടുണ്ട്. വട്ടിയൂർക്കാവ് എസ്ഐ ഇന്ന് അരുണാചലിലെ സിറോയിലെത്തും. ആര്യ മരിച്ച വിവരം ഇതുവരെയും അമ്മയെ അറിയിച്ചിട്ടില്ല.

English Summary:

Kottayam Couple and Teacher Friend Found Dead in Hotel Room in Arunachal Pradesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com