ജസ്റ്റിസ് എസ്. മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ; ഗവർണർ ഉത്തരവിൽ ഒപ്പിട്ടു
Mail This Article
തിരുവനന്തപുരം∙ ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ചു. ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയ മണികുമാറിന്റെ നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. രാജ്‌ഭവന്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷ സ്ഥാനത്തു കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനു പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം.
നിയമന ശുപാര്‍ശയില്‍ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പെഴുതിയതിനാല്‍ ഗവര്‍ണര്‍ ഫയല്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. 2023 ഓഗസ്റ്റ് മാസത്തിലായിരുന്നു സര്‍ക്കാര്‍ ഫയല്‍ രാജ്ഭവനു നല്‍കിയത്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വിയോജന കുറിപ്പോടെയാണു ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയത്. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആണ് എസ്.മണികുമാര്‍. അദ്ദേഹം വിരമിച്ചപ്പോള്‍ മുഖ്യമന്ത്രി യാത്രയയപ്പ് സല്‍ക്കാരം നല്‍കിയതു വിവാദമായിരുന്നു. സാധാരണ ചീഫ് ജസ്റ്റിസ് വിരമിക്കുമ്പോള്‍ ഫുള്‍കോര്‍ട്ട് റഫറന്‍സ് മാത്രമാണ് ഉണ്ടാകുക.
സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കാനുള്ള യോഗത്തിൽ മണികുമാറിന്റെ പേര് മാത്രമാണു മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെ വി.ഡി.സതീശൻ എതിർത്തു. കീഴ്‌വഴക്കം അനുസരിച്ച് അർഹരായവരുടെ പേരുകളും അനുബന്ധ വിവരങ്ങളും സർക്കാർ എല്ലാ അംഗങ്ങൾക്കും മുൻകൂട്ടി നൽകാറുണ്ട്. എന്നാൽ ഏകപക്ഷീയമായി ഒരു പേര് മാത്രം അറിയിച്ചതു ദുരൂഹമാണെന്നു വിയോജനക്കുറിപ്പിൽ സതീശൻ എഴുതി.
ഏപ്രിൽ 24നാണ് എസ്.മണികുമാർ കേരള ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിലാണു മദ്രാസ് ഹൈക്കോടതി ജഡ്ജിയായത്. 2019 ഒക്ടോബർ 11ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി. തമിഴ്നാട് സ്വദേശിയാണ്. മണികുമാറിന് സംസ്ഥാന സർക്കാർ കോവളത്തെ നക്ഷത്ര ഹോട്ടലിൽ യാത്രയയപ്പു നൽകിയതിനെ പ്രതിപക്ഷം വിമർശിച്ചിരുന്നു.