പൂരനഗരിയിൽ പോര് കടുക്കും; ജയം സുനിശ്ചിതമെന്ന് സ്ഥാനാർഥികൾ – വിഡിയോ
Mail This Article
തൃശൂർ∙ ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരിൽ ജയം സുനിശ്ചിതമെന്ന് മൂന്നു മുന്നണികളും. മനോരമ ഓണ്‍ലൈൻ വോട്ട് ഓണ്‍ വീൽസിലൂടെയായിരുന്നു സ്ഥാനാര്‍ഥികളുടെ പ്രതികരണം. ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ പറഞ്ഞു. ഇത്തവണ തൃശൂരിൽ എൽഡിഎഫിനായിരിക്കും വിജയമെന്ന് വി.എസ്.സുനിൽ കുമാർ പ്രതികരിച്ചു. ഇത്തവണ രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാകണം വോട്ടെന്ന് ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു.
‘‘വടകരയായാലും തൃശൂരായാലും ജയം ഉറപ്പാണ്. എല്ലാകാത്തും കടുത്ത മത്സരത്തിലൂടെയാണ് ജയിച്ചത്. പ്രചരണം രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ തികഞ്ഞ ആത്മവിശ്വാസമാണുള്ളത്.’’– കെ. മുരളീധരൻ പറഞ്ഞു. സഹോദരി പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ കുറിച്ച് മുരളീധരന്റെ വാക്കുകൾ ഇങ്ങനെ: ‘‘കരുണാകരന്റെ മക്കളെ കോൺഗ്രസ് അവഗണിച്ചു എന്ന പ്രസ്താവനയോട് ഇപ്പോൾ പ്രതികരിക്കുന്നില്ല. അവർ പാര്‍ട്ടി വിട്ടുപോയി. പാർട്ടിക്കാരല്ലാത്തവർ വിമർശിക്കും. അതാണ് അവർ ചെയ്യുന്നത്.’’– മുരളീധരൻ കൂട്ടിച്ചേർത്തു.
തൃശൂരിൽ ആര് വന്നാലും ഇത്തവണ എൽഡിഎഫിനായിരിക്കും വിജയമെന്ന് വി.എസ്.സുനിൽകുമാർ പറഞ്ഞു. ‘‘ഒരു മത്സരവും അത്ര എളുപ്പമല്ല. പക്ഷേ, ടി.എൻ.പ്രതാപൻ മികച്ച സ്ഥാനാർഥിയായിരുന്നു. അതെല്ലാം യുഡിഎഫിന്റെ ആഭ്യന്തരകാര്യമാണ്. അതേസംബന്ധിച്ചു കൂടുതൽ പറയാനില്ല. തൃശൂരിൽ സുരേഷ് ഗോപിക്ക് വോട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവിടെ ശക്തമായ മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഇത്തവണ എൽഡിഎഫിനായിരിക്കും ജയം.’’– സുനിൽ കുമാർ കൂട്ടിച്ചേർത്തു.
"കഴിഞ്ഞ തവണത്തേക്കാൾ ഊർജ്ജം പകർന്നെടുക്കാൻ കഴിയുന്ന അത്രയും ആവേശമുണ്ട്. മനസ്സിൽ ഒരു വികസന പദ്ധതിയുണ്ട്. ഇത്രയും നാളും വന്നു ജയിച്ചു പോയവരെല്ലാം ഒന്നും പറഞ്ഞിട്ടുമില്ല, പറഞ്ഞതൊന്നും ചെയ്തിട്ടുമില്ല. ഞാനും ഒന്നും പറയുന്നില്ല. പക്ഷേ 2029ൽ വോട്ടു ചോദിക്കാനുള്ള ഭാഗ്യം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും ജനങ്ങൾ ഇങ്ങോട്ടുവന്ന് സ്നേഹിക്കുന്ന അവസ്ഥ ഉണ്ടാക്കി വയ്ക്കും. അതാണ് വാഗ്ദാനം. എല്ലായ്പ്പോഴും ഒരു രാഷ്ട്രീയ ഇഷ്ടത്തിനുവേണ്ടി അല്ലെങ്കിൽ ഒരു രാഷ്ട്രീയ അനിഷ്ടത്തിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകാം. ഇത്തവണ രാജ്യത്തിനു വേണ്ടി വോട്ടു ചെയ്യണം, രാഷ്ട്രീയത്തിനു വേണ്ടി വോട്ടുചെയ്യരുത്. നിങ്ങൾ നിങ്ങളുടെ വോട്ട് നിങ്ങൾക്കായി ചെയ്യണമെന്നാണ് അഭ്യർഥിക്കാനുള്ളത്" – സുരേഷ് ഗോപി പറഞ്ഞു.