ബിആർഎസിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്; നേതാക്കൾ ബിജെപിയിലേക്കും കോൺഗ്രസിലേക്കും
Mail This Article
ഹൈദരാബാദ്∙ ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ മുൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയിൽ നിന്നും നേതാക്കളുടെ കൂട്ടക്കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് ആരംഭിച്ച നേതാക്കളുടെ കൂടുമാറ്റം ഇപ്പോഴും തുടരുകയാണ്. പത്തിലധികം മുതിർന്ന നേതാക്കളാണ് പാർട്ടി വിട്ടത്. ബിജെപിയുടെ സ്ഥാനാർഥി പട്ടികയിലുള്ള പത്തിലധികം പേർ ബിആർഎസിലെ മുൻ അംഗങ്ങളാണ്. ഇവരിൽ മുൻ ബിആർഎസ് മന്ത്രി എടാല രാജേന്ദറും ഉൾപ്പെടുന്നു. ഡൽഹി മദ്യവിൽപ്പന കേസിൽ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ.കവിതയ്ക്ക് പങ്കുണ്ടെന്ന ആരോപണം ഉൾപ്പെടെയുള്ള കാര്യങ്ങളും തെലങ്കാനയിൽ ബിആർഎസിനു വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
സഹീറാബാദിൽ സിറ്റിങ് എംപി ബിആർഎസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്കകമാണ് ബിജെപി സ്ഥാനാർഥിയായത്. ബിആർഎസ് എംപി രാമലുവും മകനും ഇപ്പോൾ ബിജെപി പാളയത്തിലാണ്. അച്ഛനും മകനും പാർട്ടി മാറി മണിക്കൂറുകൾക്കകം ഭരത് നാഗർകുർണൂലിൽ സ്ഥാനാർഥിയായി. അരൂരി രമേശിനെ വാറങ്കലിൽ ബിജെപി സ്ഥാനാർഥിയാക്കിയതും ഇതേരീതിയിലാണ്.
ബിആർഎസ് നേതാക്കളെ കോൺഗ്രസും സമാനമായ രീതിയിൽ സ്വാഗതം ചെയ്യുന്നുണ്ട്. ബിആർഎസ് സ്ഥാനാർഥിയായി വിജയിച്ച ചെവെല്ല എംപി രഞ്ജിത്ത് റെഡ്ഡി ഇപ്പോൾ അതേ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. നവംബർ 30ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഖൈരതാബാദിൽ നിന്ന് ബിആർഎസ് എംഎൽഎയായി വിജയിച്ച ദാനം നാഗേന്ദറിനെ സെക്കന്തരാബാദിൽ നിന്നും കോൺഗ്രസ് മത്സരിപ്പിക്കുന്നു. മുൻ ബിആർഎസ് മന്ത്രി പട്നം മഹേന്ദർ റെഡ്ഡിയുടെ ഭാര്യയും ബിആർഎസ് വികാരാബാദ് ജില്ലാ പരിഷത്ത് ചെയർപേഴ്സണുമായ സുനിത മഹേന്ദർ റെഡ്ഡിയാണ് കോൺഗ്രസിന്റെ മൽകജ്ഗിരിയിലെ സ്ഥാനാർഥി.
ബിആർഎസ് നേതാക്കളും എംപിമാരും ആയിരുന്ന വെങ്കിടേഷും പസുനൂരി ദയാകറും കോൺഗ്രസിലേക്ക് മാറിയെങ്കിലും തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചില്ല. 2019ൽ സംസ്ഥാനത്തെ 17 ലോക്‌സഭാ സീറ്റുകളിൽ ഒമ്പതും റാവുവിന്റെ പാർട്ടിക്കാണ് ലഭിച്ചത്. നാലെണ്ണം ബിജെപിക്കും മൂന്നെണ്ണം കോൺഗ്രസിനും ഒരെണ്ണം അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനും ലഭിച്ചു.