രാജീവ് ഗാന്ധി വധക്കേസ് പ്രതികൾ ശ്രീലങ്കയിലേക്ക്; ചെന്നൈയിൽനിന്നു പോയത് വിമാനത്തിൽ
Mail This Article
ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസിൽ വിട്ടയച്ച പ്രതികളായ മൂന്നുപേരും വിമാനമാർഗം ശ്രീലങ്കയിലേക്ക് പോയി. മുരുകൻ, ജയകുമാർ, റോബർട്ട് പയസ് എന്നിവരെ ട്രിച്ചി സ്‌പെഷ്യൽ ക്യാംപിൽനിന്ന് ഇന്നലെ രാത്രി 11.15ന് പൊലീസ് വാഹനത്തിൽ ചെന്നൈയിൽ എത്തിച്ചിരുന്നു. മൂവരെയും രാവിലെ 10ന് ചെന്നൈയിൽനിന്ന് കൊളംബോയിലേക്കുള്ള വിമാനത്തിൽ കയറ്റി അയയ്ക്കുകയായിരുന്നു.
3 പേരെയും ശ്രീലങ്കയിലേക്ക് അയയ്ക്കുമെന്ന് കഴിഞ്ഞയാഴ്ചയാണു തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചത്. ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ താൽക്കാലിക യാത്രാ രേഖകൾ നൽകിയതിനു പിന്നാലെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിലേക്ക് പോകാൻ ആവശ്യമായ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുരുകൻ അധികൃതരെ സമീപിച്ചിരുന്നു.
2022 നവംബർ 11നാണ് കേസിലെ 7 പ്രതികളെ സുപ്രീംകോടതി ജയിൽ മോചിതരാക്കിയത്. നളിനി, ഭര്‍ത്താവ് മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരാണ് ജയില്‍ മോചിതരായത്. തുടർന്നു തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കരൾ രോഗത്തെ തുടർന്ന് ശാന്തൻ മരിച്ചിരുന്നു.