ADVERTISEMENT

തൃശൂർ∙ ട്രെയിനിൽനിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണു പ്രതി ഒഡീഷ സ്വദേശി രജനീകാന്ത തള്ളിയിട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. ട്രെയിനിന്‍റെ എസ്11 കോച്ചിന്റെ പിന്നിൽ വലതു ഡോറിനു സമീപത്ത് നിൽക്കുകയായിരുന്ന ടിടിഇയെ പ്രതി പിന്നിൽനിന്നു രണ്ടു കൈകൾ കൊണ്ടും തള്ളിയിടുകയായിരുന്നു. ഐപിസി 302 വകുപ്പ് ചുമത്തിയാണു റെയിൽവേ പൊലീസ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളത്. ഭിന്നശേഷിക്കാരനായ രജനീകാന്തയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെ അർധരാത്രിയോടെയാണ് തൃശൂരിലെത്തിച്ചത്. 

തൃശൂരിൽനിന്നു കയറിയ പ്രതിയോടു ടിടിഇ ടിക്കറ്റ് ചോദിച്ചത് മുളങ്കുന്നത്തുകാവ് റെയിൽവേ സ്റ്റേഷൻ കഴിഞ്ഞാണ്. ജനറല്‍ ടിക്കറ്റുമായി റിസര്‍വ് കോച്ചില്‍ കയറിയതിന് 1000 രൂപ പിഴ നൽകണമെന്നു പറഞ്ഞതോടെയാണു രജനീകാന്ത പ്രകോപിതനായത്. ടിടിഇയെ ട്രെയിനിന്റെ പുറത്തേക്കു തള്ളിയിട്ടുവെന്നു രജനീകാന്ത പൊലീസിനു മൊഴി നൽകി. കൈയില്‍ പണമില്ലായിരുന്നുവെന്നും പിഴ നല്‍കണമെന്നു പറഞ്ഞതോടെയാണു ടിടിഇ വിനോദിനെ തള്ളിയതെന്നും പറഞ്ഞു. സംഭവശേഷം ഇയാള്‍ യാത്രക്കാരോടും തട്ടിക്കയറിയിരുന്നു.

വെളപ്പായ റെയില്‍വേ ഓവര്‍ ബ്രിഡ്ജിനു താഴെ ട്രാക്കില്‍നിന്നാണ് വിനോദിന്റെ മൃതദേഹം കണ്ടെത്തിയത്. കോച്ചിലെ യാത്രക്കാര്‍ നല്‍കിയ വിവരം അനുസരിച്ച് പാലക്കാടുനിന്നാണ് പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടിയത്. എറണാകുളം -പട്‌ന സൂപ്പര്‍ ഫാസ്റ്റില്‍ എസ്-11 കോച്ചില്‍ ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. ട്രെയിനിലെ റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില അതിഥി തൊഴിലാളികൾ യാത്ര ചെയ്തിരുന്നു. രജനീകാന്ത തൃശൂരില്‍നിന്നാണു ട്രെയിനില്‍ കയറിയത്. 6.47നാണ് തൃശൂരിൽനിന്ന് ട്രെയിൻ പുറപ്പെട്ടത്. കാലിൽ പൊളളലേറ്റതിനെ തുടർന്ന് നടക്കാൻ കഴിയാത്ത നിലയിലായിരുന്നു പ്രതി. 

ട്രാക്കില്‍ തെളിവെടുത്തു 

വെളപ്പായയിലെ റെയില്‍വേട്രാക്കില്‍ തെളിവെടുപ്പ് നടന്നു. റെയില്‍വേ പൊലീസിന്റെയും വിരലടയാള വിദഗ്ധരുടെയും നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മരിച്ച ടിടിഇയുടെ തലമുടി അടക്കമുള്ള തെളിവുകള്‍ സ്ഥലത്തുനിന്നു ശേഖരിച്ചു. റെയില്‍വേ ഇന്‍സ്‌പെക്ടര്‍ പി.വി.രമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കൊല്ലപ്പെട്ട വിനോദ്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശിയാണ്. രണ്ടു കൊല്ലം മുമ്പാണ് ഇദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്കു മാറിയത്. എറണാകുളം മുതല്‍ ഈറോഡ് വരെയായിരുന്നു വിനോദിന്റെ ഡ്യൂട്ടി.

English Summary:

TTE killing case: Accused charged with murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com