എന്താണ് എനിക്കൊരു കുറവ്? സീറ്റ് നിഷേധത്തിൽ പൊട്ടിക്കരഞ്ഞ് പപ്പു യാദവ്
Mail This Article
പട്ന∙ പുർണിയ ലോക്സഭാ സീറ്റ് നിഷേധിച്ചതു തനിക്ക് എന്തുകുറവുണ്ടായിട്ടാണെന്നു ചോദിച്ചു പൊട്ടിക്കരഞ്ഞ് മുൻ എംപി പപ്പു യാദവ്. രണ്ടാഴ്ച മുൻപ് കോൺഗ്രസിൽ ചേർന്ന പപ്പു യാദവ് സ്വതന്ത്ര സ്ഥാനാർഥിയായി പുർണിയയിൽനിന്ന് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. തനിക്കു മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചിട്ടും മണ്ഡലത്തിൽ ആർജെഡി സ്ഥാനാർഥിയെ നിർത്തിയ ലാലു പ്രസാദ് യാദവിന്റെയും തേജസ്വി യാദവിന്റെയും നടപടിയെയും അദ്ദേഹം ചോദ്യം ചെയ്തു.
"എന്താണ് എന്നിലൊരു കുറവ്? മധേപുരയിലേക്കും സുപോലിലേക്കും പോകാൻ എന്നോടു തുടർച്ചയായി ആവശ്യപ്പടുന്നത് എന്തിനാണ്? ഞാൻ കോൺഗ്രസുമായി ലയിക്കുന്നതിനു മുൻപ് ലാലു യാദവിനെ കണ്ടപ്പോൾ പറഞ്ഞതാണ് എനിക്ക് പുർണിയയെ ഉപേക്ഷിച്ചു മറ്റൊരിടത്തേക്കു പോകാനാകില്ലെന്ന്...’’– കരഞ്ഞുകൊണ്ട് പപ്പു യാദവ് പറഞ്ഞു.
പുർണിയയിൽ ആർജെഡി സ്ഥാനാർഥിയായി ബിമ ഭാരതി നാമനിർദേശം നൽകിയിട്ടുണ്ട്. ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനുമൊപ്പം എത്തിയാണ് ഇവർ നാമനിർദേശ പത്രിക സമർപ്പിച്ചത്. പപ്പുയാദവ് മൂന്നുവട്ടം വിജയിച്ച മണ്ഡലമാണു പുർണിയ. ഏറെക്കാലമായി ഇദ്ദേഹം പുർണിയ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരികയായിരുന്നു.
പുർണിയ സീറ്റ് പ്രതീക്ഷിച്ചാണ് പപ്പു യാദവ് ജന അധികാർ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ചത്. മധേപുര അല്ലെങ്കിൽ സുപോൽ മണ്ഡലം കോൺഗ്രസിനു നൽകാൻ ആർജെഡി തയാറാണെന്നതാണു പപ്പു യാദവിന് ആശ്വാസം. മധേപുരയിൽനിന്നു മുൻപ് ഇദ്ദേഹം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പപ്പുവിന്റെ പത്നി രഞ്ജിത രഞ്ജൻ മുൻപു ലോക്സഭയിലേക്കു വിജയിച്ച മണ്ഡലമാണ് സുപോൽ. കോൺഗ്രസ് ലോക്സഭാ ടിക്കറ്റ് നൽകിയില്ലെങ്കിൽ പുർണിയയിൽ സ്വതന്ത്രനായി മത്സരിക്കാൻ മടിക്കില്ലെന്ന സൂചന അദ്ദേഹം നേരത്തേ നൽകിയിരുന്നു.
ഇന്ത്യാ സഖ്യ സ്ഥാനാർഥി ബിമ ഭാരതിക്കാണു കോൺഗ്രസ് പിന്തുണയെന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിങ് അറിയിച്ചു. ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ സഖ്യ തീരുമാനത്തിനു വിരുദ്ധമായി നാമനിർദേശ പത്രിക സമർപ്പിച്ചാൽ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.