ഇമെയിൽ ആശയ വിനിമയം രഹസ്യഭാഷയിൽ; നവീന്റെ നീക്കം ആസൂത്രിതം?: ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണ സംഘം
Mail This Article
തിരുവനന്തപുരം ∙ അരുണാചൽ പ്രദേശിൽ മലയാളികളെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. തിരുവനന്തപുരം കന്റോൺമെന്റ് എസ്പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല. മൂവരും വിചിത്ര വിശ്വാസങ്ങളിലേക്ക് എത്തിയത് എങ്ങനെയെന്ന് പരിശോധിക്കും. ഇവരുടെ മുറിയിൽനിന്ന് കണ്ടെടുത്ത ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പരിശോധനയ്ക്ക് അയയ്ക്കും.
മരിച്ച നവീൻ തോമസും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും തമ്മിൽ ഇമെയിൽ വഴി നടത്തിയ ആശയവിനിമയവും രഹസ്യഭാഷയിലൂടെയാണെന്നു പൊലീസ്. 2021 മുതലുള്ള ഇവരുടെ ഇമെയിൽ പരിശോധിച്ചപ്പോൾ ഇതാണു മനസ്സിലാകുന്നത്. മരണത്തിനു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു ചർച്ച. മരണത്തിന് അരുണാചൽ പ്രദേശിലെ സിറോ വാലി എന്ന സ്ഥലം തിരഞ്ഞെടുത്തതും വിചിത്രവിശ്വാസവും തമ്മിൽ ബന്ധമുണ്ടോയെന്നു സംശയമുണ്ടെന്നും കേസന്വേഷണത്തിന്റെ ചുമതലയുള്ള ഡിസിപി പി.നിധിൻ രാജ് പറഞ്ഞു.
സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ–മെയിൽ ഐഡിയിൽ നിന്നാണെന്ന് പൊലീസ് കണ്ടെത്തി. ഡോൺ ബോസ്കോ എന്ന് പേരുള്ള ഐഡിയിൽനിന്നാണ് സന്ദേശങ്ങൾ എത്തിയത്. നവീൻ ആസൂത്രിതതമായാണ് നീങ്ങിയതെന്നും പൊലീസ് പറയുന്നു. മുറി എടുത്തപ്പോൾ നവീൻ മറ്റുള്ളവരുടെ രേഖകൾ നൽകിയിരുന്നില്ല.
നവീനും ദേവിയും നേരത്തേയും അരുണാചൽ പ്രദേശിൽ പോയിട്ടുണ്ട്. ഇത്തവണ ഗുവാഹത്തിയിൽ വരെ വിമാനത്തിൽ പോയതു കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഇത്തരം വിശ്വാസത്തിലേക്കു നയിച്ചത് ആരാണെന്നും പൊലീസ് അന്വേഷിക്കും.