ADVERTISEMENT

കൊച്ചി ∙ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കും ഒരേ സ്വരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇന്ത്യാ മുന്നണിയുടെ പ്രതീക്ഷയും ശക്തിസ്രോതസ്സും നേതാവുമാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തെ ദുർബലപ്പെടുത്തിയാൽ ഇന്ത്യാ മുന്നണിയെ ദുർബലപ്പെടുത്താമെന്നും അതുവഴി ബിജെപിയുടെ പ്രീതി സമ്പാദിക്കാമെന്നും കരുതിയുള്ള പ്രവൃത്തിയാണ് പിണറായി വിജയന്റേത് എന്നും കൊച്ചിയിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ സതീശൻ ആരോപിച്ചു.

‘‘മാസപ്പടി ആരോപണവും കരുവന്നൂർ ബാങ്ക് കൊള്ളയും അടക്കമുള്ളവയുടെ പേടിയിലാണ് പിണറായി വിജയൻ. സ്വന്തം കുടുംബത്തിലുള്ളവർ ഉൾപ്പെട്ട അഴിമതിക്കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതിന്റെ ഭീതിയിലാണ് ബിജെപിയെ സന്തോഷിപ്പിക്കാനുള്ള പ്രസ്താവനകൾ പിണറായി വിജയൻ നടത്തുന്നത്.’’ – സതീശൻ പറഞ്ഞു.  

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ റോഡ് ഷോയിൽ കോൺഗ്രസ് പതാക ഒഴിവാക്കിയത് ബിജെപിയെ ഭയന്നാണെന്നും ലീഗിന്റെ പതാക ഒഴിവാക്കാനായി സ്വന്തം പതാക കോൺഗ്രസ് വേണ്ടെന്നുവച്ചുവെന്നും പിണറായി വിജയൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ, മുസ്‍ലിം ലീഗുമായുള്ള ബന്ധം മറച്ചു വയ്ക്കാനാണ് കോൺഗ്രസ് ശ്രമിച്ചത് എന്ന് സ്മൃതി ഇറാനിയും ആക്ഷേപമുന്നയിച്ചു. 

‘‘കേരളത്തിൽ കോൺഗ്രസുമായി സഖ്യത്തിലാണെന്നു മാത്രമല്ല, ഇന്ത്യാ മുന്നണിയിലും അംഗമാണ് ലീഗ്. കഴിഞ്ഞ നാലു പതിറ്റാണ്ടായി കോൺഗ്രസുമായി ഉറച്ച ബന്ധമുള്ള യുഡിഎഫിലെ പ്രധാന പാർട്ടിയാണ് ലീഗ്. ആ ബന്ധം ഒളിച്ചു വയ്‌ക്കേണ്ട ഒരു കാര്യവും കേരളത്തിലോ ദേശീയ തലത്തിലോ കോൺഗ്രസിനില്ല. അത്ഭുതപ്പെടുത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപണമുന്നയിച്ചതിന്റെ പിന്നാലെയാണ് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനിയും ആക്ഷേപം ഉന്നയിച്ചത് എന്നതാണ്. ഇരുവർക്കും ഒരേ സ്വരവും ഒരേ വാദവുമാണ്.’’ – സതീശൻ പറഞ്ഞു.

‘‘രാഹുൽ ഗാന്ധിക്കെതിരെ ആക്ഷേപം ചൊരിയാന്‍ ബിജെപി ചുമതലപ്പെടുത്തിയിട്ടുള്ള ആളാണ് സ്മൃതി ഇറാനിയെന്ന് മനസ്സിലാക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ബിജെപി നേതൃത്വം ചെയ്യുന്നതു പോലെ രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്ന ആളായി പിണറായി വിജയനും മാറി.’’ – സതീശൻ ചൂണ്ടിക്കാണിക്കുന്നു.

English Summary:

Opposition leader VD Sateesan criticises CM Pinaryi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com