ADVERTISEMENT

കോഴിക്കോട് ∙ ദേശീയതലത്തിൽ നാമമാത്രമായ സീറ്റിൽ മാത്രം മത്സരിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിനു പുറത്ത് കോൺഗ്രസിന്റെ കാരുണ്യത്തിൽ മത്സരിക്കുന്നതുകൊണ്ടാണ് കേരളത്തിലും കോൺഗ്രസിനെ സുഖിപ്പിക്കാൻ മുഖ്യമന്ത്രി ബിജെപിയെ ആക്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ബിജെപിയുടെ സീറ്റിന്റെ കാര്യം നോക്കുന്നതിനുമുൻപ് മുഖ്യമന്ത്രി രാജ്യത്ത് സ്വന്തം പാർട്ടിയുടെ കനൽത്തരി കെട്ടുപോകുമെന്ന യാഥാർഥ്യം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘‘ദേശീയ പാർട്ടി സ്ഥാനം നിലനിർത്താനുള്ള വോട്ടുവിഹിതത്തിനായി കോൺഗ്രസിന് അടിമപ്പണി ചെയ്യുകയാണ് സീതാറാം യെച്ചൂരി. കേരളത്തിൽ ബിജെപിയെ തോൽപ്പിക്കാൻ യുഡിഎഫുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് പിണറായി വിജയന്റെ വാക്കുകളിൽ വ്യക്തമാണ്. എന്നാൽ ജനങ്ങൾ ഈ അവസരവാദ രാഷ്ട്രീയം തള്ളിക്കളയും’’ – സുരേന്ദ്രൻ പറഞ്ഞു.

എൽഡിഎഫ് സർക്കാർ സ്ത്രീ പീഡകർക്കൊപ്പമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡനത്തിനിരയായ യുവതിക്കൊപ്പമല്ല, വേട്ടക്കാരനൊപ്പമാണ് സർക്കാർ നിന്നത്. യുവതിക്കg വേണ്ടി നിലപാടെടുത്ത നഴ്സ് അനിതയെ ദ്രോഹിക്കുന്നത് ഭരണകൂട ഭീകരതയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു.

‘‘ഹൈക്കോടതി ഉത്തരവിട്ടിട്ടു പോലും ഇത്രയും ദിവസം അവരുടെ നിയമനം തടഞ്ഞുവച്ചത് പിണറായി സർക്കാരിന്റെ സ്ത്രീവിരുദ്ധത തെളിയിക്കുന്നതാണ്. അതിജീവിതയെ സഹായിച്ചുവെന്നതാണ് ഈ സർക്കാർ നഴ്സ് അനിതയിൽ കണ്ട കുറ്റം. അനധികൃതമായി സിപിഎം ക്രിമിനലുകളെ സർക്കാർ ആശുപത്രികളിൽ നിയമിക്കുന്നതാണ് ഇവിടുത്തെ സുരക്ഷിതത്വം ഇല്ലാതാക്കുന്നത്. ആരോഗ്യമന്ത്രി ഒരു മനഃസാക്ഷിയുമില്ലാതെയാണ് പെരുമാറുന്നത്. ലോകത്തിനു മുൻപിൽ കേരളത്തെ നാണംകെടുത്തിയ വീണാ ജോർജ് രാജിവയ്ക്കണം.’’ – സുരേന്ദ്രൻ പറഞ്ഞു.

English Summary:

K Surendran Criticizes Kerala CM for Attacking BJP, Claims CPM's Hidden Pact with UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com