ADVERTISEMENT

കോട്ടയം ∙ അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്നംഗ സംഘത്തിൽ ഉൾപ്പെട്ട മീനടം സ്വദേശി നെടുംപൊയ്കയിൽ നവീൻ തോമസിന്റെ വീട്ടിൽ പൊലീസ് പരിശോധന. നവീൻ തോമസിന്റെ കോട്ടയം മീനടത്തുള്ള വീട്ടിൽ വട്ടിയൂർക്കാവ് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മൂവർ സംഘത്തിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടാണ് പരിശോധന.

വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തിൽ ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആർഎ സിആർഎ കാവിൽ ദേവി (41) എന്നിവരെ കഴിഞ്ഞ ദിവസമാണ് അരുണാചൽ പ്രദേശിലെ ഒരു ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആര്യയുടെ വിവാഹം നിശ്ചയിച്ചതോടെയാണ് മൂവരും മരിക്കാൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. ആര്യയുടെ വിവാഹം അടുത്തമാസം 7ന് നടത്താനാണ് നിശ്ചയിച്ചിരുന്നത്. ആര്യയെ 27 മുതൽ കാണാനില്ലെന്നു പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. നവീനും ഭാര്യ ദേവിയും സുഹൃത്ത് ആര്യയും ചില അമാനുഷിക ചിന്തകളിലും വിശ്വാസങ്ങളിലുമായിരുന്നുവെന്ന സൂചന പൊലീസിനു ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായായിരുന്നു ആര്യ. ദേവി മുൻപ് ഇവിടെ അധ്യാപികയായി ജോലി ചെയ്തിരുന്നു. മാർച്ച് 27ന് ആണ് മൂവരും അരുണാചലിലേക്കു പോയത്. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിൽനിന്നു 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണു മുറിയെടുത്തത്. ആദ്യ ദിവസങ്ങളിൽ റസ്റ്ററന്റിലെത്തി ആഹാരം കഴിച്ച ഇവരെ പിന്നീട്പുറത്തു കാണാതിരുന്നതോടെ ഹോട്ടൽ ജീവനക്കാർ അന്വേഷിച്ചുചെല്ലുകയായിരുന്നു.

മുറിയിൽ ആര്യ കട്ടിലിലും ദേവി നിലത്തും കൈഞരമ്പ് മുറിഞ്ഞനിലയിൽ മരിച്ചുകിടക്കുകയായിരുന്നു. നവീന്റെ മൃതദേഹം ശുചിമുറിയിലായിരുന്നു. ദേഹമാസകലം വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് മൂവരുടെയും മരണം. നവീന്റെ സംസ്കാരം ഇന്നലെ നടത്തി. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 1.30നു വീട്ടിലെത്തിച്ചു. മീനടം സെന്റ് തോമസ് വലിയ പള്ളിയിലെ സെമിത്തേരിയിലായിരുന്നു സംസ്കാരം. നീണ്ട പ്രാർഥനച്ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്കാരം. നവീന്റെ ഭാര്യ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും സംസ്കാരം വ്യാഴാഴ്ച തിരുവനന്തപുരത്തു നടത്തിയിരുന്നു.

English Summary:

Mysterious Triple Death in Arunachal Pradesh: Kottayam Native's Home Raided by Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com