പൊന്നാനി ‘പിടിക്കാൻ’ മലപ്പുറത്തു നിന്നെത്തി സമദാനി; ലീഗ് മുൻനേതാവ് എൽഡിഎഫിന്റെ തുറപ്പുചീട്ട്- ജനമനസ്സ് ആർക്കൊപ്പം?
Mail This Article
മലപ്പുറം. പൊന്നാനി മണ്ഡലത്തിലെ വിജയപ്രതീക്ഷകൾ മനോരമ ഓൺലൈൻ വോട്ട് ഓൺ വീൽസിനോട് പങ്കുവച്ച് സ്ഥാനാർഥികൾ. പൊന്നാനി ഇത്തവണയും യുഡിഎഫിനൊപ്പമായിരിക്കുമെന്ന് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. ലീഗിന്റെ അഴിമതി ജനങ്ങൾക്കു ബോധ്യപ്പെട്ടതിനാൽ മണ്ഡലം ഇത്തവണ ഇടതുപക്ഷത്തിനൊപ്പമായിരിക്കുമെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. ഹംസ പ്രതികരിച്ചു. പൊന്നാനിയിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നതിനാല്‍ ബിജെപിക്ക് വോട്ടു ചെയ്യുമെന്നാണ് സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പ്രതികരണം.
‘‘ഒട്ടും അപരിചിതത്വമോ ആശങ്കയോ ഇല്ലാതെയാണ് മലപ്പുറത്തു നിന്നും പൊന്നാനിയിലെത്തുന്നത്. പുതിയ തലമുറ വലിയ ആവേശത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. സ്നേഹത്തിന്റെ രാഷ്ട്രീയമാണ് യുഡിഎഫും ഇന്ത്യ മുന്നണിയും മുന്നോട്ടു വയ്ക്കുന്നത്. രാജ്യത്ത് ഇന്ന് നടപ്പാക്കുന്ന വെറുപ്പ് ഉത്പാദക രാഷ്ട്രീയം ഉന്മൂലനം ചെയ്യാൻ ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾക്കു സാധിക്കും.’’– അബ്ദു സമദ് സമദാനി പറഞ്ഞു.
ലീഗിലെ സൗഹൃദം പൊന്നാനിയിൽ ഇത്തവണ എൽഡിഎഫിനു വോട്ടായി മാറുമെന്നാണ് മുസ്‌ലിം ലീഗിൽ നിന്നെത്തിയ എൽഡിഎഫ് സ്ഥാനാർഥി കെ.എസ്. ഹംസയുടെ പ്രതികരണം. ‘‘ലീഗിൽ നിരവധി അസംതൃപ്തരുണ്ട്. പുതുതലമുറയ്ക്ക് അവസരം നൽകാൻ മുസ്‌ലിംലീഗ് തയാറാകുന്നില്ല. ലീഗ് നേതൃത്വം ഒരു കച്ചവട സംഘമാണ്. മലപ്പുറത്തുകാർ സമദാനിയെ വേണ്ടെന്നു പറഞ്ഞതു കൊണ്ടാണ് ഇത്തവണ പൊന്നാനിയിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത്. ’’– കെ. എസ്. ഹംസ ആരോപിച്ചു.
പൊന്നാനി ലീഗിന്റെ കുത്തക മണ്ഡലമാണെന്ന വിശ്വാസമൊന്നും ഇപ്പോൾ ജനങ്ങൾക്കില്ലെന്ന് എൻഡിഎ സ്ഥാനാർഥി അഡ്വ. നിവേദിത പ്രതികരിച്ചു. ‘‘മലപ്പുറം എംപി അബ്ദു സമദ് സമദാനിക്കും പൊന്നാനി എംപി ഇ.ടി മുഹമ്മദ് ബഷീറിനും ലഭിച്ച എംപി ഫണ്ട് ഇവർ എങ്ങനെയാണ് ചെലവഴിച്ചതെന്നതിനു വ്യക്തമായ കണക്കുകളില്ല. ഫണ്ടിൽ ഭൂരിഭാഗവും ഇവർ ചെലവഴിച്ചിട്ടില്ല. മതത്തിന് അതീതമായി ചിന്തിക്കുന്നവർ ദേശീയതയ്ക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നുറപ്പാണ്.’’– നിവേദിത വ്യക്തമാക്കി.