‘ബിജെപിയുടെ ഇ.ഡിക്കും സിബിഐക്കും എഎപി നേതാക്കളിൽ നിന്ന് ഒരു രൂപ പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല’
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കേജ‍്‍രിവാളിനെ സ്നേഹിക്കുന്നുവെന്ന് മന്ത്രി അതിഷി. ജനങ്ങൾ അദ്ദേഹത്തെ മുഖ്യമന്ത്രിയായിട്ടല്ല, മകനോ സഹോദരനോ ആയിട്ടാണ് കരുതുന്നത്. അരവിന്ദ് കേജ്‌രിവാളിന് ജാമ്യം വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ബിജെപിയുടെ ഇ.ഡിക്കും സിബിഐക്കും എഎപി നേതാക്കളിൽ നിന്ന് മദ്യനയ അഴിമതിക്കേസിൽ ഒരു രൂപ പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല. മദ്യനയ അഴിമതിയിൽ ബിജെപിക്കാണ് പങ്കുള്ളതെന്നും അതിഷി ആരോപിച്ചു.
അരവിന്ദ് കേജ‍്‍രിവാളിന്റെ അറസ്റ്റിനെതിരെ ജന്തർ മന്തറിൽ എഎപി സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു അതിഷിയുടെ പരാമർശം. മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്ത കേജ‍്‍രിവാൾ തിഹാർ ജയിലിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാഷ്ട്രീയ പ്രേരിതമായാണ് മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്തതെന്ന് ആരോപിച്ചാണ് എഎപി പ്രതിഷേധം നടത്തുന്നത്. എഎപി ഭരണത്തിലുള്ള ഡൽഹിയിലും പഞ്ചാബിലും കൂടാതെ സംസ്ഥാന തലസ്ഥാനങ്ങളിലും ഉപവാസം നടക്കുന്നുണ്ട്. ജില്ലാ, ബ്ലോക്ക് തലങ്ങളിലും പ്രതിഷേധങ്ങൾ നടന്നു.
ജന്തർ മന്തറിൽ നടക്കുന്ന ഉപവാസ സമരത്തിൽ എഎപിയുടെ മന്ത്രിമാർ, എംഎൽഎമാർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. പഞ്ചാബിലെ ഉപവാസത്തിന് മുഖ്യമന്ത്രി ഭഗവന്ത് മാനാണ് നേതൃത്വം നൽകുന്നത്. എഎപി സമരം കണക്കിലെടുത്ത് ജന്തർ മന്തർ ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഇന്നു രാവിലെ മുതൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.