ADVERTISEMENT

കണ്ണൂർ∙ പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിലെത്തി സിപിഎം നേതാക്കൾ. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽ കമ്മറ്റി അംഗം എ.അശോകൻ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനും സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു. ഷെറിനുമായോ ബോംബ് നിർമാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവർത്തിക്കുന്നതിനിടെയാണ്, പ്രമുഖ പ്രാദേശിക നേതാക്കൾ ഷെറിന്റെ വീട്ടിലെത്തിയത്.

ഷെറിന് സിപിഎമ്മുമായി ബന്ധമില്ലെന്ന് പാനൂർ ഏരിയാ കമ്മറ്റിയും വിശദീകരിച്ചിരുന്നു. അതേസമയം, എംഎൽഎ എന്ന നിലയിലാണ് ഷെറിന്റെ വീട്ടിൽ പോയതെന്ന് കെ.പി.മോഹനൻ വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. മൂന്നുപേർക്കു പരുക്കേറ്റു. മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മൽ വിനോദ് (39), സെൻട്രൽ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവർക്കാണു പരുക്കേറ്റത്. ഇവരിൽ വിനീഷിന്റെ നില അതീവഗുരുതരമാണ്. അശ്വന്തിന്റെ കാലിനും വിനോദിന്റെ കണ്ണിനുമാണു പരുക്കേറ്റത്. 

സംഭവത്തിൽ സിപിഎമ്മിന്റെ പ്രാദേശിക പ്രവർത്തകരായ നാലു പേർ അറസ്റ്റിലായിരുന്നു. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

English Summary:

CPM leaders reached Sherin's house, who killed in bomb blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com