ഇടുക്കി രൂപതയിൽ ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ചു; സർക്കാർ നിരോധിക്കാത്ത സിനിമയെന്ന് രൂപത
Mail This Article
തൊടുപുഴ∙ ഇടുക്കി രൂപതയിൽ വേദ പഠന ക്ലാസിന്റെ ഭാഗമായി ‘കേരള സ്റ്റോറി’ സിനിമ പ്രദർശിപ്പിച്ചു. പ്രണയം എന്ന വിഷയത്തിന്റെ ഭാഗമായാണു സിനിമ കാണിച്ചതെന്നു രൂപത വിശദീകരിച്ചു. ഈ മാസം രണ്ട് മുതൽ നാലു വരെ തീയതികളിൽ ഇടുക്കി രൂപതയിലെ പള്ളികളിൽ വേദപഠന ക്ലാസിന്റെ ഭാഗമായുളള സുവിശേഷോത്സവം നടന്നിരുന്നു. ഇതിൽ പങ്കെടുത്ത പത്തു മുതൽ പന്ത്രണ്ടാം ക്ലാസു വരെയുള്ള കുട്ടികൾക്കായാണ് കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചത്. നാലാം തീയതിയായിരുന്നു പ്രദർശനം.
സുവിശേഷോത്സവത്തിന്റെ ക്ലാസുകളിലെ ഒരു വിഷയം പ്രണയം ആയിരുന്നു. കുട്ടികൾ പ്രണയത്തിൽ അകപ്പെടുന്നതു പല കുടുംബങ്ങളെയും വിഷമത്തിലാക്കുന്നതിനാലാണു വിഷയം ഉൾപ്പെടുത്തിയത്. വിഷയവുമായി ബന്ധപ്പെട്ട സിനിമ ആയതിനാലാണു കുട്ടികൾക്കായി പ്രദർശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. ഒടിടി പ്ലാറ്റ്‌ഫോമുകളിലടക്കം റിലീസ് ചെയ്ത, സർക്കാർ നിരോധിക്കാത്ത സിനിമയായതിനാലാണ് തിരഞ്ഞെടുത്തതെന്നു രൂപത വിശദീകരിക്കുന്നു.
ദുരദർശൻ ചാനലിൽ പ്രദർശിപ്പിച്ച ചിത്രം കാണണമെന്നാവശ്യപ്പെട്ട് പള്ളികളിലെ കുടുംബ കൂട്ടായ്മകളിൽ സന്ദേശവും അയച്ചിരുന്നു. ലൗ ജിഹാദിൽ വർഗീയത കലർത്തുന്നതാണ് ആശയക്കുഴപ്പത്തിനു കാരണമെന്നും പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്കു നയിക്കുകയാണെന്നും രൂപത വ്യക്തമാക്കി.