ADVERTISEMENT

മുസ്‌ലിം ലീഗിന്‍റെ പൊന്നാപുരം കോട്ടയായി അറിയപ്പെടുന്ന മലപ്പുറത്ത് ഇത്തവണ അങ്കം കൊഴിപ്പിക്കാൻ ചടുല നീക്കങ്ങളുമായി ഇടതുമുന്നണിയും എൻഡിഎയും. ലീഗിലെ മുതിർന്ന നേതാവായ ഇ.ടി.മുഹമ്മദ് ബഷീറിനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. യുവാക്കളുടെ പ്രതിനിധിയായി വി.വസീഫിനെയാണ് എൽഡിഎഫ് സ്ഥാനാർഥിയാക്കിയിരിക്കുന്നത്. കാലിക്കറ്റ് സർവകലാശാല മുൻ വിസി അബ്ദുൽ സലാമാണ് എൻഡിഎ സ്ഥാനാർഥി.

പൊന്നാനി മണ്ഡലത്തിൽ രണ്ടു തവണ എംപിയായ ഇ.ടി.മുഹമ്മദ് ബഷീർ മൂന്നാം തവണ മത്സരിക്കുന്നത് മലപ്പുറത്താണ്. മലപ്പുറത്ത് എംപിയായിരുന്ന അബ്ദുസമദ് സമദാനി പൊന്നാനിയിലും മത്സരിക്കും. പാർലമെന്റിലെ ഇടിമുഴക്കം എന്നാണ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇടി കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ശോഭിച്ച ആളാണ്.

മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ എംപി
മലപ്പുറം ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഇ.ടി.മുഹമ്മദ് ബഷീർ എംപി

യുവത്വത്തിന്റെ മുഖമായാണ് വസീഫിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കിയത്. മുസ്‌ലിം ലീഗിലെ സ്ഥിരം മുഖങ്ങൾക്ക് ബദലായാണ് ചുറുചുറുക്കുള്ള ചെറുപ്പക്കാരനായ വസീഫിനെ നിർത്തിയത്. തലമുറ മാറ്റത്തിന് ലീഗിൽ പോലും ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് എൽഡിഎഫ് വസീഫിനെ സ്ഥാനാർഥിയാക്കിയത്.

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലറായിരുന്ന അബ്ദുൽ സലാമിനെ എൻഡിഎ സ്ഥാനാർഥിയാക്കിയത് കേന്ദ്രം നേരിട്ട് ഇടപെട്ടാണ്. മുസ്‌ലിം സമുദായത്തിന് വളരെ പ്രാധാന്യമുള്ള മണ്ഡലത്തിൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവി അലങ്കരിച്ചിരുന്ന ആളെ തന്നെ നിർത്തുന്നതിലൂടെ വലിയ രാഷ്ട്രീയ സന്ദേശമാണ് ബിജെപി നൽകിയത്.

മലപ്പുറം ലോക്‌സഭാ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫിന്റെ 
തിരഞ്ഞെടുപ്പു പര്യടനത്തിനിടെ പാതായ്‌ക്കര കോവിലകംപടിയിൽ കുട്ടികൾ പൂക്കൾ സമ്മാനിക്കുന്നു.
മലപ്പുറം ലോക്‌സഭാ എൽഡിഎഫ് സ്ഥാനാർഥി വി.വസീഫിന്റെ തിരഞ്ഞെടുപ്പു പര്യടനത്തിനിടെ പാതായ്‌ക്കര കോവിലകംപടിയിൽ കുട്ടികൾ പൂക്കൾ സമ്മാനിക്കുന്നു.

സ്ത്രീകളെ ഉൾപ്പെടെ അണിനിരത്തിയാണ് ഇത്തവണ ലീഗ് പ്രചാരണം കൊഴുപ്പിക്കുന്നത്. മലപ്പുറം മണ്ഡലത്തിൽ ഈസി വാക്ക് ഓവറാണ് ലീഗ് പ്രതീക്ഷിക്കുന്നത്. ചെറുപ്പക്കാരനായ വസീഫിനെ സ്ഥാനാർഥിയാക്കിയതിൽ അവേശത്തിലാണ് എൽഡിഎഫ്. കാര്യങ്ങൾ വ്യക്തമായി പഠിച്ച് അവതരിപ്പിക്കുന്ന ചെറുപ്പക്കാരൻ എന്ന നിലയിൽ വസീഫിന് സ്വീകാര്യത കൂടുമെന്നാണ് ഇടതു ക്യാംപ് പ്രതീക്ഷിക്കുന്നത്‍‌.

‌‌‌അക്കാദമിഷ്യനായ അബ്ദുൽ സലാമിനെ സ്ഥാനാർഥിയാക്കിയതിലൂടെ ബിജെപിയിൽ നിന്ന് അകലം പാലിക്കുന്ന മുസ്‌ലിം സമുദായത്തെ ചേർത്തു പിടിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. സിഎഎ പോലുള്ള നിയമങ്ങൾ ഒരാളെയും ബാധിക്കില്ല എന്ന പ്രഖ്യാപിക്കാനുമാണ് സലാമിന്റെ സ്ഥാനാർഥിത്വം.

മൂന്നു സ്ഥാനാർഥികളും ആത്മവിശ്വാസത്തിലാണ്. തുടക്കത്തിൽ പ്രചാരണം തണുത്താണ് തുടങ്ങിയതെങ്കിലും ഓരോ ദിവസം കഴിയുന്തോറും പ്രചാരണം ചൂടുപിടിക്കുമ്പോൾ സാഹചര്യങ്ങൾ തങ്ങൾക്ക് അനുകൂലമാകുന്നുെവന്നാണ് മുന്നണികളുടെ വിലയിരുത്തൽ.

എൻഡിഎ മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി  എം.അബ്‌ദുൽ സലാം കുന്നക്കാവിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ.
എൻഡിഎ മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി എം.അബ്‌ദുൽ സലാം കുന്നക്കാവിൽ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ.

ലീഗിനൊപ്പം ചേർന്നു നിൽക്കുന്ന മണ്ഡലമാണ് മലപ്പുറം. ഇത്തവണയും ഇ.ടി.മുഹമ്മദ് ബഷീറിലൂടെ അത് തുടരുമെന്ന പ്രതീക്ഷയിലാണ് ലീഗ്. അതേസമയം ഒരു അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. ചെറുപ്പക്കാരനായ വസീഫിന് കറുത്ത കുതിരയായി മാറാൻ സാധിക്കുമെന്ന് എൽഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. വോട്ട് വിഹിതം വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർഥി അബ്ദുൽ സലാം തുറന്നു പറഞ്ഞു. ലീഗ് അനായാസ ജയം പ്രതീക്ഷിക്കുമ്പോഴഴും അതിന് അനുവദിക്കില്ല എന്ന നിശ്ചയദാർഢ്യത്തിലാണ് എൽഡിഎഫ്. എൽഡിഎഫ് പ്രതീക്ഷിക്കുന്നതുപോലെ ഒരു അട്ടിമറി നടക്കുമോ എന്ന് കാത്തിരുന്ന് കാണാം.

English Summary:

Manorama Online Vote on Wheels at Malappuram Loksabha Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com