തിരഞ്ഞെടുപ്പ്: കർണാടകയിൽ പിടിച്ചെടുത്തത് 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി
Mail This Article
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റെയ്ഡിൽ കിലോക്കണക്കിനു സ്വർണവും വെള്ളിയും കോടിക്കണക്കിനു രൂപയും പിടികൂടി കർണാടക പൊലീസ്. ബെല്ലാരിയിൽ നിന്നാണ് ഇവ പിടികൂടിയത്. 5.60 കോടി രൂപ, 3 കിലോ സ്വർണം, 103 കിലോ വെള്ളി ആഭരണങ്ങൾ, 68 വെള്ളി ബാറുകൾ എന്നിവയാണു പിടിച്ചെടുത്തത്.
പിടിച്ചെടുത്തവയുടെ ആകെ മൂല്യം 7.60 കോടി രൂപ വരുമെന്നു പൊലീസ് അറിയിച്ചു. ബെല്ലാരിയിലെ കമ്പാളി ബസാറിലെ നരേഷ് ഗോൾഡ് ഷോപ് ജ്വല്ലറി ഉടമ നരേഷ് എന്നയാളുടെ വീട്ടിൽ നിന്നാണു വലിയ അളവിൽ പണവും ആഭരണങ്ങളും കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
ഹവാല ഇടപാടുണ്ടെന്ന സംശയത്താൽ ഇതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. അന്വേഷണത്തിലെ കണ്ടെത്തലുകൾ ആദായനികുതി വകുപ്പിനെ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.