‘തിരഞ്ഞെടുപ്പിനു മുൻപ് എത്രപേരെ ജയിലിൽ അടയ്ക്കും?’: നിർണായക ചോദ്യവുമായി കോടതി
Mail This Article
ന്യൂഡൽഹി ∙ വിമർശിക്കുകയും എതിരഭിപ്രായം പറയുകയും ചെയ്യുന്ന എത്രപേരെ തിരഞ്ഞെടുപ്പിനു മുൻപ് ജയിലിലടയ്ക്കുമെന്നു സുപ്രീം കോടതി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ യുട്യൂബർ അപകീർത്തി പരാമർശം നടത്തിയെന്ന കേസിലാണു കോടതിയുടെ ചോദ്യം. യുട്യൂബറുടെ ജാമ്യം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും ജയിലിൽ അടയ്ക്കാനാകില്ലെന്നു പറഞ്ഞ കോടതി, യുട്യൂബർ എ.ദുരൈമുരുഗൻ സട്ടായിയുടെ ജാമ്യം പുനഃസ്ഥാപിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണു കേസ് പരിഗണിച്ചത്. ദുരൈമുരുഗൻ തന്റെ സ്വാതന്ത്ര്യം ദുരുപയോഗിച്ചതിനു തെളിവില്ലെന്നു കോടതി പറഞ്ഞു.
‘‘യുട്യൂബിൽ ആരോപണങ്ങൾ ഉന്നയിക്കുന്ന എല്ലാവരെയും തടവിലിടാൻ തുടങ്ങിയാൽ എത്രപേരെ ജയിലിലടയ്ക്കും’’ എന്നു ജസ്റ്റിസ് ഓക, തമിഴ്നാടിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോടു ചോദിച്ചു. അപകീർത്തി പരാമർശം നടത്തരുതെന്ന് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ദുരൈമുരുഗനു നിർബന്ധമാക്കണമെന്ന ആവശ്യവും കോടതി പരിഗണിച്ചില്ല.