‘കേന്ദ്ര അന്വേഷണ ഏജൻസികളുടെ മേധാവികളെ മാറ്റണം’; തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്കു തൃണമൂൽ മാർച്ച്, സംഘർഷം
Mail This Article
കൊൽക്കത്ത∙ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ മേധാവികളെ മാറ്റണമെന്നാവശ്യപ്പെട്ടു ധർണ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കസ്റ്റഡിയില്‍. സിബിഐ, എന്‍ഐഎ, ഇ.ഡി, ആദായനികുതി വകുപ്പ് എന്നിവയുടെ മേധാവിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസിനു മുന്നിലാണു തൃണമൂൽ കോൺഗ്രസ് ധർണ നടത്തിയത്. നേതാക്കളായ ഡെറിക് ഒബ്രെയിന്‍, മുഹമ്മദ് നദിമുല്‍ ഹക്ക്, ഡോല സെന്‍, സാകേത് ഖോഗലെ, സാഗരിക ഘോഷ്, വിവേക് ഗുപ്ത, അര്‍പിത ഘോഷ്, സാന്തനു സെന്‍, അബിര്‍ രഞ്ജന്‍ ബിശ്വാസ്, സുദീപ് രാഹ എന്നിവരാണു പ്രതിഷേധത്തില്‍ പങ്കെടുത്തത്.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി സമർപ്പിച്ചശേഷം പ്രതിഷേധിച്ച നേതാക്കളോടു പുറത്തു പോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും എംപിമാര്‍ വഴങ്ങാതിരുന്നതോടെയാണു പൊലീസ് നടപടി ആരംഭിച്ചത്. പല തവണ പൊലീസും എംപിമാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. വാക്കേറ്റം അതിരുകടന്നു. ബലപ്രയോഗത്തിനുശേഷം പൊലീസ് ബസിൽ കയറ്റിയാണ് എംപിമാരെ നീക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷനിലെ മുഴുവൻ അംഗങ്ങളുമായി തങ്ങളുടെ പരാതി ചർച്ച ചെയ്യണമെന്നും പ്രതിഷേധത്തിനിടെ എംപിമാർ ആവശ്യപ്പെട്ടു.
ബംഗാളിലെ മേദിനിപൂരിലെ എന്‍ഐഎ നടപടിയും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിന്റെയും പശ്ചാത്തലത്തിലാണു കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനിലേക്കു ധർണ സംഘടിപ്പിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ ബിജെപി ദേശീയ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്യുകയാണെന്നു ധര്‍ണയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യത്തിന്റെ പവിത്രതയെ ഹനിക്കുന്ന ഇത്തരം ഭരണഘടനാ വിരുദ്ധമായ ശ്രമങ്ങളെ വച്ചുപൊറുപ്പിക്കില്ല. ഇതവസാനിപ്പിക്കാന്‍ ആവശ്യമായ എല്ലാ ശ്രമങ്ങളും ഒറ്റക്കെട്ടായി നടത്തുമെന്നും ഡെറിക് ഒബ്രെയിന്‍ പറഞ്ഞു.