‘അപരിഹാര്യമായ നഷ്ടം’: പ്രതി ഡോ.റുവൈസിനു തുടർപഠനത്തിന് അനുമതി നൽകി ഹൈക്കോടതി
Mail This Article
കൊച്ചി ∙ തിരുവനന്തപുരം മെഡിക്കൽ കോളജ് വിദ്യാര്‍ഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്ത കേസില്‍, പ്രതി ഡോ. ഇ.എ.റുവൈസിന്റെ പഠനം തുടരാൻ അനുവദിച്ച് ഹൈക്കോടതി. പിജി പഠനത്തിനാണു കോടതിയുടെ അനുമതി. ക്ലാസിൽ പോകാതിരുന്നാൽ ‘അപരിഹാര്യമായ നഷ്ടം’ സംഭവിക്കുമെന്ന വിലയിരുത്തലോടെയാണു നടപടി.
ജസ്റ്റിസ് സിയാദ് റഹ്മാന്റെ സിംഗിൾ ബെഞ്ചാണ് ഉത്തരവിട്ടത്. ക്ലാസിൽ പങ്കെടുക്കാം എന്നാൽ ഹാജർ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. അച്ചടക്ക നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിലാണു നടപടി. റുവൈസിനു പഠനം തുടരാൻ അനുമതി നൽകിയ ഉത്തരവു നേരത്തേ റദ്ദാക്കിയിരുന്നു. റുവൈസ് സ്ത്രീധനത്തിന്റെ പേരിൽ വിവാഹത്തിൽനിന്നു പിന്മാറിയതിലുള്ള മനോവിഷമം മൂലം ഡോ. ഷഹന ആത്മഹത്യ ചെയ്തെന്നാണു കേസ്.
കേസിൽ നേരത്തേ ജാമ്യം ലഭിച്ച റുവൈസ്, പഠനം തുടരാൻ അനുവദിക്കണമെന്നും സസ്പെൻഷൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ കോളജ് സർജറി വിഭാഗം പിജി വിദ്യാർഥിനി ഡോ.ഷഹന ആത്മഹത്യ ചെയ്ത കേസിലെ പ്രതിയും സഹപാഠിയുമാണു കരുനാഗപ്പള്ളി സ്വദേശി റുവൈസ്. കേസിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്നു റുവൈസിനെ കോളജിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.