ADVERTISEMENT

കോഴിക്കോട്∙ കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ. പൊന്നാനിയിൽ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ ഈദ് ആശംസ

ത്യാഗത്തിന്റെയും മാനവികതയുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള വ്രതാനുഷ്ഠാനം അവസാനിപ്പിച്ച് നാട് ഈദ് ആഘോഷങ്ങളിലേക്കു കടക്കുകയാണ്. ചുറ്റുമുള്ളവരുടെ വേദനകളും ദുഖങ്ങളുമറിയാനും അവയിൽ പങ്കുചേരാനും നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. ഈ ശ്രേഷ്ഠമായ ആശയങ്ങളെ നെഞ്ചോട് ചേർത്തും അവയെ ശാക്തീകരിച്ചും നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം.  

വിവിധ വിഭാഗങ്ങളിൽപ്പെട്ട മനുഷ്യർ സ്നേഹത്തോടെയും സന്തോഷത്തോടെയും കഴിയുന്ന നാടാണ് നമ്മുടേത്. വർഗീയവിഷം ചീറ്റിക്കൊണ്ട് ഈ ഐക്യത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുന്ന പിന്തിരിപ്പൻ ശക്തികളെ കരുതിയിരിക്കണം. ഈ പ്രതിലോമ ശ്രമങ്ങളെ ഒരുമയോടെ, ശക്തിയോടെ തുറന്നെതിർക്കേണ്ടതുണ്ട്. ചെറിയ പെരുന്നാൾ ആഘോഷങ്ങൾ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പെരുന്നാൾ ആശംസകൾ.

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

ലോകമെമ്പാടുമുള്ള ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേരുന്നു. വ്രതാനുഷ്ഠാനത്തിലൂടെ സ്വയം ശുചീകരണത്തിനു വിധേയമാക്കപ്പെടുക എന്നതിനപ്പുറം കഷ്ടപ്പെടുന്നവരെ സഹായിക്കാനും സമയം കണ്ടെത്തേണ്ട കാലം കൂടിയായിരുന്നു വിശുദ്ധ റമദാന്‍ മാസം. താന്‍ കഴിക്കുന്ന ആഹാരത്തിന്റെ ഒരു വിഹിതം വിശന്നിരിക്കുന്ന മറ്റൊരുവനുകൂടി കൊടുക്കുകയെന്ന മഹത്തായ ആശയം പകരുന്നതിലൂടെ മാനവികതയും സാഹോദര്യമൂല്യവും കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യമാണ് റമദാന്‍ ഓര്‍മപ്പെടുത്തുന്നത്. 

നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന്റെ  പെരുന്നാൾ ആശംസകൾ

സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാൾ എന്നാശംസിക്കുന്നു. നോമ്പുതുറക്കാൻ മുസ്‌ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് എന്നഭിമാനത്തോടെ പറയാനാകുന്നു എന്നതാണ് ഈ ചെറിയ പെരുന്നാളിനെ ഏറ്റവും മനോഹരമാക്കിയത്.എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ ചെറിയ പെരുന്നാള്‍ ആശംസകള്‍

English Summary:

Eid Ul Fitr In Kerala Tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com