ADVERTISEMENT

ന്യൂഡൽഹി∙ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വീണ്ടും സൂചന നൽകി വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാധ്‌ര. പ്രിയങ്കാ ഗാന്ധി അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റോബർട്ട് വാധ്‌ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അമേഠിയിൽ മത്സരിക്കാൻ ജനങ്ങൾ നിർബന്ധിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ തന്നെ വിളിക്കുന്നുണ്ടെന്നും വാധ്‌ര ഒരു വാർത്ത ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘റായ്ബറേലിയും അമേഠിയിലും മറ്റു സ്ഥലങ്ങളിലുമുളളവർ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. പല മണ്ഡലങ്ങളിലുമുള്ളവർ എനിക്കായി പോസ്റ്റർ പതിക്കുന്നു. ഞാൻ രാഷ്ട്രീയത്തിൽ വരുന്നത് വികസനത്തിനും തൊഴിലില്ലായ്മ പരിഹരിക്കാനും സഹായിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഇതിനൊക്കെ കുടുംബത്തിന്റെ അനുഗ്രഹവും അനുമതിയും വാങ്ങേണ്ടതുണ്ട്. പ്രിയങ്കയും പാർലമെന്റിൽ എത്തണമെന്നാണ് എന്റെ താൽപര്യം. പാർട്ടി അധ്യക്ഷ അടക്കം എല്ലാ പദവികൾക്കും പ്രിയങ്ക അർഹയാണ്. ബാക്കി കാര്യങ്ങൾ പാർട്ടിയാണ് തീരുമാനിക്കുന്നത്. സ്മൃതി ഇറാനിയെ തിരഞ്ഞെടുത്ത തെറ്റ് തിരുത്താൻ വേണ്ടിയാണ് അമേഠിയിൽ എന്നോട് മത്സരിക്കാൻ പ്രവർത്തകർ ആവശ്യപ്പെടുന്നത്. ഞാൻ മത്സരിച്ചാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എനിക്കെതിരെ പലതവണ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് സ്മൃതി ഇറാനി’ – റോബർട്ട് വാധ്‌ര പറഞ്ഞു.

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കാൻ തീരുമാനിച്ചാൽ താൻ പൂർണപിന്തുണ നൽകുമെന്നും റോബർട്ട് വാധ്‌ര പറയുന്നു. ജനങ്ങളുമായി ഇടപഴകാന്‍ തനിക്ക് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്നില്ല. പ്രിയങ്കയും രാഹുലും ഇല്ലാത്ത അവസരങ്ങളിൽ എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാമെന്ന് പ്രവർത്തകർക്ക് അറിയാം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ്. ജനാധിപത്യമല്ല ഏകാധിപത്യമാണ് മോദിയുടെ കീഴിൽ നടക്കുന്നതെന്നും റോബർട്ട് വാധ്‌ര ആരോപിച്ചു.

English Summary:

Robert Vadra drops another hint at contesting from Amethi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com