കണ്ണിലും ചുണ്ടിലും പരുക്കുകളുമായി സീമ ഹെയ്ദറിന്റെ വിഡിയോ; പ്രചരിച്ചത് ഡീപ്ഫെയ്ക്കെന്ന് അഭിഭാഷകൻ
Mail This Article
നോയ്ഡ∙ ഉത്തർപ്രദേശ് സ്വദേശിയെ വിവാഹം കഴിക്കുന്നതിനായി പാക്കിസ്ഥാനിൽ നിന്ന് അനധികൃതമായി അതിർത്തികടന്നെത്തിയ വനിത സീമ ഹെയ്ദർ ഗാർഹിക പീഡനം നേരിടുന്നതായി വ്യാജവാർത്ത. മുഖത്തും കണ്ണിലും ചുണ്ടിലും പരുക്കേറ്റ നിലയിലുള്ള സീമയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സീമ ഗാർഹിക പീഡനത്തിനിരയായെന്ന് തെറ്റിദ്ധരിപ്പിച്ചുകൊണ്ടുള്ള വാർത്തകൾ പ്രചരിച്ചത്. ഉത്തർപ്രദേശിലെ നോയ്ഡ സ്വദേശിയായ സച്ചിൻ മീണയെയാണ് സീമ വിവാഹം കഴിച്ചത്.
എന്നാൽ വിഡിയോ വ്യാജമാണെന്ന് വ്യക്തമാക്കി സീമയുടെ അഭിഭാഷകൻ എ.പി.സിങ് രംഗത്തുവന്നു. വിഡിയോ എഐ ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണെന്നും അയാൾ വ്യക്തമാക്കി. തൊട്ടുപിറകേ താൻ സുരക്ഷിതയാണെന്ന് വ്യക്തമാക്കി സീമയും രംഗത്തെത്തി. പുണ്യമാസമായ റമസാനിൽ ഇത്തരമൊരു വ്യാജ വാർത്ത പ്രചരിപ്പിച്ച സാമൂഹ്യമാധ്യമ ഇൻഫ്ളുവൻസർമാരെയും പാക്ക് ചാനലുകളെയും അവർ ശകാരിക്കുകയും ചെയ്തു.
‘‘ഞാനും എന്റെ ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല. ഞങ്ങളുടെ മുഴുവൻ കുടുംബവും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയുകയാണ്. ഞാൻ ഇപ്പോൾ ഇന്ത്യയിലാണ്, ഉത്തർപ്രദേശിൽ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാത്ത യോഗി ആദിത്യനാഥാണ് ഇവിടുത്തെ മുഖ്യമന്ത്രി.’’ സീമ പറഞ്ഞു.
ഓൺലൈൻ ഗെയ്മിങ് ആപ്പായ പബ്ജിയിലൂടെയാണ് സച്ചിനും സീമയും പരിചയത്തിലാകുന്നത്. പ്രണയത്തിലായതോടെ സച്ചിനെ വിവാഹം ചെയ്യുന്നതിനായി അതിർത്തി കടന്ന് സീമ ഇന്ത്യയിൽ എത്തുകയായിരുന്നു.