വാഹനങ്ങളുടെ ഫിറ്റ്നസിന് വൻ കൈക്കൂലി: ആർടിഎ ഓഫിസിലും ഏജന്റുമാരുടെ ഓൺലൈൻ സ്ഥാപനത്തിലും വിജിലൻസ് റെയ്ഡ്
Mail This Article
പേരാമ്പ്ര∙ ആർടിഎ ഓഫിസിലും ഏജന്റുമാരുടെ ഓൺലൈൻ സ്ഥാപനത്തിലും വിജിലൻസ് റെയ്ഡ്. ചൊവ്വാഴ്ച കാലത്ത് മുതൽ ആരംഭിച്ച പരിശോധന വൈകിട്ടാണ് അവസാനിച്ചത്. മുൻ കാലങ്ങളിൽ നടന്ന ചില സംഭവങ്ങളും ഇപ്പോൾ നടക്കുന്ന അഴിമതികളുമായി ബന്ധപ്പെട്ടാണു പരിശോധന നടത്തിയത്. ആർടിഎ ഓഫിസിനു മുന്നിലെ പല ഏജന്റുമാരുടെ സ്ഥാപനങ്ങളിലും വിജിലൻസ് എത്തിയെങ്കിലും കെ.വി.ഓൺലൈൻ കൺസൽട്ടൻസിയിലാണു പരിശോധന നടത്തിയത്. സ്ഥാപനത്തിൽ സ്ഥിരമായി എത്തി വർക്കുകൾ ചെയ്യുന്ന ഏജന്റിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
സ്ഥാപനത്തിലെ രേഖകളും പൂർണമായി പരിശോധിച്ചു. സ്ഥാപനത്തിലെ കംപ്യൂട്ടറും മറ്റു സംവിധാനങ്ങളും ഉപയോഗിച്ചു വർക്ക് ചെയ്യുന്ന ഏജന്റിനെയും അയാളുടെ വാഹനവും വിജിലൻസ് പരിശോധിച്ചു. അയാളുടെ ഓഫിസിലും വാഹനത്തിലും ഉണ്ടായിരുന്ന മുൻ ആർടിഒ അധികാരിയുടെ ഒപ്പോടു കൂടിയ കടലാസുകൾ അടക്കം വിലപ്പെട്ട രേഖകൾ പിടിച്ചെടുത്തു.
പേരാമ്പ്ര ആർടിഎ ഓഫിസിനു കീഴിൽ ലൈസൻസുകൾ വിൽപന നടത്തുന്നു എന്ന പരാതിയാണു പരിശോധനയ്ക്കു കാരണമെന്നു പറയുന്നു. പേരാമ്പ്ര ആർടിഎ ഓഫിസിൽ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയിൽ അടക്കം വൻ അഴിമതി ഉണ്ടെന്നു പരാതി ഉയർന്നിരുന്നു. 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കു ഫിറ്റ്നസ് നൽകാൻ വൻ തുക കൈക്കൂലി വാങ്ങുന്നു എന്ന പരാതി നിലവിലുണ്ട്.
ബത്തേരി ആർടിഎ ഓഫിസിൽ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവമാണ് പേരാമ്പ്രയിലും പരിശോധന നടത്താൻ കാരണം. ഒന്നര വർഷം മുൻപു പരിശോധന നടത്തിയെങ്കിലും നേരത്തെ വിവരം ലഭിച്ചതിനാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയിരുന്നു. അതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. വിജിലൻസ് ഇൻസ്പെക്ടർമാരായ എം.ഷംജിത്ത്, സി.രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.