വഴിത്തർക്കത്തിനിടെ അയൽവാസിയായ സ്ത്രീയുടെ മർദനമേറ്റു; 2 മണിക്കൂർ റോഡിൽ കിടന്ന വയോധികൻ മരിച്ചു
Mail This Article
തൊടുപുഴ ∙ വഴിത്തർക്കത്തെ തുടർന്ന് അയൽവാസിയായ സ്ത്രീയുടെ മർദനമേറ്റ് റോഡിൽ വീണ വയോധികൻ മരിച്ചു. മുള്ളരിങ്ങാട് അമ്പലപ്പടി പേങ്ങൻ കോളനിയിൽ പുത്തൻപുരയ്ക്കൽ സുരേന്ദ്രനാണ് (73) മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം. സുരേന്ദ്രൻ രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച ശേഷം തിരികെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് വരികയായിരുന്നു. വീടിനടുത്ത് എത്താറായപ്പോൾ റോഡിലിറങ്ങി അയൽവാസിയായ കല്ലിങ്കൽ ദേവകി (62) ഓട്ടോറിക്ഷ തടഞ്ഞു. ഇതുവഴി വാഹനങ്ങൾ പോകാനാകില്ലെന്നും സ്റ്റോപ്പ് മെമ്മോയുള്ളതാണെന്നും പറഞ്ഞായിരുന്നു വഴി തടയൽ. ഇതേച്ചൊല്ലി സുരേന്ദ്രനും ദേവകിയും തമ്മിൽ തർക്കമുണ്ടായി.
വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങുന്നതിനിടെ ഓട്ടോറിക്ഷയുമായി ഡ്രൈവർ തിരികെ പോയി. ദേവകിയും സുരേന്ദ്രനും തമ്മിൽ അടിപിടി ആയി. പിടിവലിയിൽ ഇരുവരും നിലത്ത് വീണു. തുടർന്ന് ദേവകി എഴുന്നേറ്റ് വീട്ടിലേക്ക് പോയി. എന്നാൽ സുരേന്ദ്രന് എഴുന്നേൽക്കാനായില്ല. രണ്ട് മണിക്കൂറോളം സുരേന്ദ്രൻ റോഡിൽ കിടന്നു. അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ.ബിജു സ്ഥലത്തെത്തി പൊലീസിനെ വിളിച്ച് ആംബുലൻസ് വരുത്തിയ ശേഷമാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും സുരേന്ദ്രൻ മരിച്ചിരുന്നു.
കാളിയാർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വഭാവിക മരണത്തിനു കേസ് എടുത്തു. വീണപ്പോഴുണ്ടായ പോറലുകളും വെയിലേറ്റ് കിടന്നുണ്ടായ പൊള്ളലുംം മാത്രമാണ് ശരീരത്തിലുള്ളതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. വ്യാഴാഴ്ച ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
അതേസമയം, സംഘർഷത്തിൽ പരുക്കേറ്റ ദേവകി പൊലീസ് നിരീക്ഷണത്തിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മരണകാരണം വ്യക്തമായ ശേഷമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്ന് കാളിയാർ എസ്എച്ച്ഒ നിസാമുദീൻ പറഞ്ഞു. സുരേന്ദ്രന്റെ ഭാര്യ: രമാദേവി. മക്കൾ: ബിന്ദു, മഞ്ജുഷ, മഞ്ജു.