സന്ദേശ്ഖാലി അതിക്രമത്തിൽ കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്; ബംഗാൾ സർക്കാരിനു തിരിച്ചടി
Mail This Article
കൊൽക്കത്ത∙ സന്ദേശ്ഖാലി ഗ്രാമത്തിലെ ഭൂമി തട്ടിപ്പും ലൈംഗിക അതിക്രമക്കേസുകളും കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. നീതിയുക്തമായ അന്വേഷണം ആവശ്യമാണെന്നു വ്യക്തമാക്കിയാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.
തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ പീഡന പരാതി നൽകിയ സന്ദേശ്‍ഖാലിയിലെ ഒരു കൂട്ടം സ്ത്രീകളുടെ ഹർജി പരിഗണിക്കവേയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. വ്യക്തികൾക്ക് പരാതികൾ നൽകാനായി ഒരു പോർട്ടൽ രൂപീകരിക്കാനും ചീഫ് ജസ്റ്റിസ് ടി. എസ്. ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയി ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഐക്ക് നിർദേശം നൽകി. കേസിലെ ഇരകളുടെയും ദൃക്സാക്ഷികളുടെയും സുരക്ഷ പരിഗണിച്ചാണ് നടപടി.
കൃഷിയിടങ്ങൾ അനധികൃതമായി മീൻവളർത്തൽ കേന്ദ്രമാക്കിയതിൽ റിപ്പോർട്ട് നൽകാനും സിബിഐയോട് കോടതി ആവശ്യപ്പെട്ടു.