ഡൽഹി മന്ത്രി രാജ്‍കുമാർ ആനന്ദ് രാജിവച്ച് പാർട്ടി വിട്ടു; ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി
Mail This Article
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആംആദ്മി പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി ഡൽഹി സർക്കാരിലെ മന്ത്രി രാജിവച്ചു. സാമൂഹ്യക്ഷേമ മന്ത്രി രാജ്‍കുമാർ ആനന്ദാണ് രാജിവച്ചത്. ആംആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്ന് ആരോപിച്ച് രാജ്‍കുമാർ ആനന്ദ് പാർട്ടി അംഗത്വവും രാജിവച്ചു.
‘‘സമൂഹത്തിനായി എന്തെങ്കിലും നൻമ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് ഞാൻ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. ദലിത് സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പിന്നിലേക്കു വലിയിരുന്ന ഒരു പാർട്ടിയുടെ ഭാഗമായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വേറെ ഒരു പാർട്ടിയിലേക്കുമില്ല. ആംആദ്‍മി പാർട്ടി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അഴിമതിക്കാർക്കൊപ്പം ജോലി ചെയ്യാനാവില്ല.’’ – രാജിക്കു ശേഷം രാജ്‍കുമാർ പ്രതികരിച്ചു.
പട്ടേൽ നഗർ വിധാൻ സഭ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ് രാജ്‍കുമാർ ആനന്ദ്. ബിജെപിയുടെ പ്രവേഷ് രത്നയെ 30000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജ്‍കുമാർ മണ്ഡലം പിടിച്ചെടുത്തത്. 2022 നവംബറിൽ രാജ്‍കുമാർ ആനന്ദ് മന്ത്രിയായി ചുമതലയേറ്റു.
ആംആദ്മി പാർട്ടിയുടെ തകർച്ച തുടങ്ങിയതായി, മന്ത്രിയുടെ രാജിക്കു പിന്നാലെ ബിജെപി പ്രതികരിച്ചു. അതേസമയം, മന്ത്രിയുടെ രാജി ഇ.ഡിയുടെ സമ്മർദ്ദം മൂലമാണെന്നാണ് എഎപിയുടെ നിലപാട്. മദ്യനയ കേസിൽ രാജ്‍കുമാറിന്റെ വീട്ടിൽ ഇ.ഡി പരിശോധന നടത്തിയിരുന്നു. സർക്കാരിനെ തകർക്കാനുള്ള ശ്രമമുണ്ടെന്നും ഇ.ഡി അടക്കമുള്ള ഏജൻസികളെ ഇതിനായി ഉപയോഗിക്കുകയാണെന്നും ആംആദ്‍മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു.