എഫ്ബി ലൈവിനിടെ കൊലപാതകം: കുറ്റപത്രത്തിൽ 600 പേജുകൾ, സാക്ഷിപ്പട്ടികയിൽ 72 പേർ
Mail This Article
മുംബൈ ∙ ശിവസേന നേതാവിനെ ഓഫിസിലേക്കു വിളിച്ചുവരുത്തി ഫെയ്സ്ബുക് ലൈവിനിടെ കൊലപ്പെടുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് 600 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.
ഉദ്ധവ് വിഭാഗം നേതാവും മുൻ കോർപറേറ്ററുമായ അഭിഷേക് ഗോസാൽക്കറാണ് ഒന്നരമാസം മുൻപ് കൊല്ലപ്പെട്ടത്. വെടിയുതിർത്ത മോറിസ് നെറോണ തൊട്ടുപിന്നാലെ ജീവനൊടുക്കിയിരുന്നു.
നെറോണക്കെതിരെയുള്ള പീഡനക്കേസിൽ പരാതിക്കാരിയെ പിന്തുണച്ചതിന്റെ പേരിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. അഭിഷേകിന്റെ പിഎ, ഓട്ടോഡ്രൈവർ, സംഭവസമയത്ത് ഓഫിസിലുണ്ടായിരുന്നവർ എന്നിങ്ങനെ 72 പേരെയാണ് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതിയുമായി അഭിഷേകിന്റെ ഭാര്യയും മുൻ കോർപറേറ്ററുമായ തേജസ്വിനി കോടതിയെ സമീപിച്ചതോടെയാണ് കുറ്റപത്രം സമർപ്പിച്ചത്. ഒട്ടേറെ കേസുകളിൽ അന്വേഷണം നേരിടുന്ന നെറോണ ഗുണ്ടാപരിവേഷം മാറിക്കിട്ടാൻ സേവനപ്രവർത്തനങ്ങളിലും സജീവമായിരുന്നു. ശിവസേന മുൻ എംഎൽഎ വിനോദ് ഗോസാൽക്കറുടെ മകനാണ് അഭിഷേക്.