നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു; പഞ്ചവടിപ്പാലം, തൂവാനത്തുമ്പികളടക്കമുള്ള ക്ലാസിക് സിനിമകളുടെ നിർമാതാവ്
Mail This Article
തിരുവനന്തപുരം∙ മലയാളത്തിലെ പല ക്ലാസിക് സിനികളുടെയും നിർമാതാവായ ഗാന്ധിമതി ബാലൻ (65) അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലുള്ള പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.
ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 63–ാം വയസ്സിൽ ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.
ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയെയും വച്ച് കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. കിലുക്കത്തിനും സ്ഫടികത്തിനും ആദ്യവസാനം നിന്ന് നിർമ്മാതാവിനു വേണ്ടി സിനിമയിലെ സർവ ജോലികളും ചെയ്ത് ആദ്യ പ്രിന്റ് വരെ എത്തിച്ചതും ബാലനാണ്. മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ, അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്.
ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫൊറൻസിക്സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി) മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫൊറൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).