ADVERTISEMENT

ആലപ്പുഴ∙ മുൻപ് ആർഎസ്എസുകാരനായിരുന്ന ഐഎൻടിയുസി നേതാവ് സത്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടിക്കാരനായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. സത്യന്റെ കൊലപാതകം സിപിഎം ആലോചിച്ചു നടത്തിയതാണെന്ന് കേസിൽ പ്രതിയായിരുന്ന ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവാണ് ആരോപിച്ചത്. 2001ലാണ് സത്യൻ കൊല്ലപ്പെട്ടത്. കേസിൽ ബിപിൻ ബാബു ഉൾപ്പെടെ എല്ലാ പ്രതികളെയും 2006ൽ കോടതി വെറുതേ വിട്ടിരുന്നു.

നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കിയതായി, സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ ആരോപിച്ചു. ആലപ്പുഴയിലെ വിഭാഗീയതയെ തുടർന്നാണ് ബിപിൻ ഉൾപ്പെടെ മൂന്നു നേതാക്കൾ കത്ത് നൽകിയത്.

‘‘ഒരു തരത്തിലും പാർട്ടിക്കകത്ത് നിൽക്കാൻ കഴിയാത്ത നിലയിൽ കടുത്ത മാനസിക പീഡനം നടത്തുകയാണ്. സഖാക്കൾ നൽകുന്ന ഒരു പരാതിയിലും പരിഹാരം ഇല്ലാത്ത അവസ്ഥയാണ്. പ്രശ്നങ്ങൾ പരിഹരിച്ചു എന്ന് കമ്മറ്റിയെ തെറ്റിദ്ധരിപ്പിക്കുന്നു. എന്നാൽ, ഒരു വിഭാഗം നടത്തുന്ന എല്ലാ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കും പാർട്ടി നേതാവ് സംരക്ഷണം നൽകുകയാണ് ചെയ്യുക’’ – കത്തിൽ പറയുന്നു.

‘‘ഞാൻ എസ്എഫ്ഐ ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗമായും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പാർട്ടി ഏരിയ കമ്മിറ്റി അംഗമായി 14 വർഷമായും പ്രവർത്തിച്ചു വരികയാണ്. വിദ്യാർഥി യുവജന രംഗത്തു പ്രവർത്തിക്കുമ്പോൾ 36 കേസുകളിൽ പ്രതിയായിരുന്നു. പാർട്ടി ആലോചിച്ചു നടത്തിയ ആർഎസ്എസ് പ്രവർത്തകനായിരുന്ന സത്യൻ കൊലപാതകക്കേസിൽ നിരപരാധിയായിരുന്ന എന്നെ പ്രതിയാക്കിയതിനെ തുടർന്ന് 19–ാം വയസിൽ ഞാൻ 65 ദിവസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.

‘‘എന്റെ കുടുംബജീവിത്തിന്റെ ഭാഗമായുണ്ടായ ചെറിയ തെറ്റിന് എന്നെ പരമാവധി അപമാനിച്ചു കഴിഞ്ഞു. എന്റെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് പാർട്ടിയിലേക്കു തിരികെ എടുക്കുന്ന ഘട്ടത്തിൽ സഖാവ് കെ.എച്ച്. ബാബുജാൻ പഴയ ആരോപണങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു മുന്നോട്ടു വരികയാണ്. മാത്രമല്ല ഞാൻ ബിജെപിയിലേക്കു പോകുന്നുവെന്ന കള്ളം സഖാക്കളുടെ ഇടയിൽ പ്രചരിപ്പിക്കുകയാണ്. എന്നെ ഒരു കാരണവശാലും പാർട്ടിയിൽ പ്രവർത്തിക്കാൻ അനുവദിക്കില്ല എന്ന ബാബുജാന്റെ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് എന്നെ പാർട്ടി ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുള്ളത് എന്ന് വ്യക്തമാണ്.’’

‘‘എനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാൻ അങ്ങേയറ്റം ആഗ്രഹമുണ്ട്. എന്നാൽ അതിനു വിഘാതമായ നടപടിയാണ് ഇവിടെ ഉണ്ടായത്. ഈ സാഹചര്യത്തിൽ എന്റെ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതോടൊപ്പം ജില്ലാ പഞ്ചായത്ത് അംഗത്വവും ഒഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. ജീവിതം മുഴുവൻ പാർട്ടിയിൽ പ്രവർത്തിക്കണമെന്ന ആഗ്രഹവുമായി നിൽക്കുന്ന എന്നേപ്പോലുള്ളവരെ വ്യക്തിവൈരാഗ്യം തീർക്കാൻ പാർട്ടിക്കു നേതൃത്വം കൊടുക്കുന്നവർ ശ്രമിക്കുന്നതിനെപ്പറ്റി പിന്നീട് പാർട്ടി പരിശോധിക്കുന്ന ഘട്ടത്തിൽ ബോധ്യപ്പെടും.’’ – ബിപിൻ കത്തു ചുരുക്കുന്നു.

∙ സത്യൻ വധം

2001 നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്നാണ് ഐഎൻടിയുസി നേതാവ് സത്യൻ വധിക്കപ്പെട്ടത്. കീരിക്കാട് കരുവാറ്റംകുഴി ചാപ്രയിൽ അജികുമാർ, സഹോദരൻ അനിൽകുമാർ, പത്തിയൂർ ഇരവുപടിഞ്ഞാറ്റംമുറി പ്രദീപ്, ചാപ്രയിൽ കിഴക്കതിൽ പ്രമോദ്, കോട്ടൂർ തെക്കേത്തറ വീട്ടിൽ സുരേഷ്, കരുവാറ്റംകുഴി കള്ളിക്കാൽത്തറ വീട്ടിൽ ബിപിൻ ബാബു, ആറാട്ടുപുഴ കള്ളിക്കാട്ടുമുറി വഞ്ചിപ്പുരയ്‌ക്കൽ വീട്ടിൽ ബിജു എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരെ ആലപ്പുഴ അതിവേഗ കോടതി ജഡ്‌ജി എൻ. സുഗുണനാണ് വെറുതേ വിട്ടത്.

2001ൽ കായംകുളം മണ്ഡലത്തിൽ ജി. സുധാകരനെതിരെ കോൺഗ്രസ് നേതാവ് എം.എം. ഹസന് അട്ടിമറി വിജയം സമ്മാനിച്ച തിരഞ്ഞെടുപ്പിൽ കീരിക്കാട് കളീക്കൽ വീട്ടിൽ സത്യൻ സജീവ പ്രവർത്തകനായിരുന്നു.

2001 ജൂൺ 20നു കരീലക്കുളങ്ങര സ്‌റ്റാൻഡിൽ ഓട്ടോറിക്ഷയുമായി യാത്രക്കാരെ കാത്തിരിക്കുകയായിരുന്ന സത്യനെ രാവിലെ ഏഴു മണിയോടെ ഏഴാം പ്രതി ബിജു ഓട്ടം വിളിച്ചുകൊണ്ടുപോയെന്നും കരീലക്കുളങ്ങര കൊട്ടയ്‌ക്കാട് ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ മറ്റ് ആറു പ്രതികൾ ചേർന്നു വെട്ടിവീഴ്‌ത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. മാരകമായി മുറിവേറ്റ സത്യൻ ആലപ്പുഴ മെഡിക്കൽ കോളജ്, എറണാകുളം സ്‌പെഷലിസ്‌റ്റ് ആശുപത്രി എന്നിവിടങ്ങളിൽ 22 ദിവസത്തെ ചികിൽസയ്‌ക്കു ശേഷമാണു മരിച്ചത്.

English Summary:

Alappuzha District Panchayat Member Accuses CPM in Decade-Old Murder of RSS Activist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com