ADVERTISEMENT

ന്യൂഡൽഹി ∙ കടബാധ്യതയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന അനിൽ അംബാനിക്ക് വീണ്ടും തിരിച്ചടിയായി സുപ്രീം കോടതി വിധി. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ മെട്രോ വിഭാഗമായ ഡൽഹി എയർപോർട്ട് മെട്രോ എക്സ്പ്രസ് പ്രൈവറ്റ് ലിമിറ്റഡും (ഡിഎഎംഇപിഎൽ) ഡൽഹി മെട്രോ കോർപ്പറേഷനും (ഡിഎംആർസി) തമ്മിലുള്ള തർക്കത്തിൽ ആർബിട്രേഷൻ ട്രൈബ്യൂണലിന്റെ ഉത്തരവ് കോടതി അസാധുവാക്കി. ആർബിട്രേഷൻ തുകയായി ഡിഎഎംഇപിഎലിന് ലഭിക്കാനിരുന്ന 8000 കോടി രൂപ ഡിഎംആർസി നൽകേണ്ടതില്ലെന്നാണു വിധി. 

കരാറുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കണ്ടെത്തൽ സുപ്രീം കോടതിയും ശരിവയ്ക്കുകയാണുണ്ടായത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഡിഎംആർസി ഡിപ്പോസിറ്റ് ചെയ്ത തുക റീഫണ്ട് ചെയ്ത് നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ഡിഎംആർസി ആർബിട്രൽ തുകയായി നൽകിയ 3300 കോടി രൂപയും ഡിഎഎംഇപിഎൽ തിരികെ നൽകണം. 

ഡിഎംആർസി, ഡിഎഎംഇപിഎൽ എന്നീ കമ്പനികൾ തമ്മിൽ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്ന് സെക്ടർ 21 ദ്വാരകയിലേക്കുള്ള എയർപോർട്ട് മെട്രോ എക്സ്പ്രസ് ലൈനുമായി ബന്ധപ്പെട്ടാണ് കരാറിൽ ഏർപ്പെട്ടിരുന്നത്. ഈ ലൈനിന്റെ ഡിസൈൻ, ഇൻസ്റ്റലേഷൻ, കമ്മിഷനിങ്, ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവ നടത്താനാണ് 30 വർഷത്തെ കരാറിലൂടെ ധാരണയായത്. അനിൽ അംബാനിയുടെ ഡിഎഎംഇപിഎൽ എല്ലാ സിസ്റ്റം വർക്കുകളും ഏറ്റെടുത്തു നടത്തുമെന്നും, ഡിഎംആർസി സിവിൽ ജോലികൾ പൂർത്തിയാക്കുമെന്നുമാണ് വ്യവസ്ഥയുണ്ടായിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 2012ൽ ഡിഎഎംഇപിഎൽ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയായിരുന്നു. 

പിന്നീട് തര്‍ക്ക പരിഹാരത്തിനായി ട്രൈബ്യൂണലിനെ സമീപിക്കുകയും, 2017ൽ ഡിഎംആർസി അനിൽ അംബാനിയുടെ കമ്പനിക്ക് 2782 കോടി നഷ്ടപരിഹാപരം നൽകണമെന്ന് ട്രൈബ്യൂണൽ നിർദേശിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്ത് ഡിഎംആർസി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനുശേഷം 2021ലാണ് കേസ് സുപ്രീം കോടതിയിൽ എത്തിയത്. നഷ്ടപരിഹാര തുക പലപ്പോഴായി ഉയർന്ന് 8,000 കോടിയിൽ എത്തുകയായിരുന്നു.

English Summary:

Anil Ambani Suffers Another Setback, Group Firm Loses ₹ 8,000 Crore Arbitral Award

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com