ADVERTISEMENT

പട്ന ∙ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ‘നരേന്ദ്ര മോദിയെ അഴിക്കുള്ളിലാക്കു’മെന്ന ആർജെഡി നേതാവ് മിസ ഭാരതിയുടെ പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി നേതൃത്വം. ലാലു യാദവിന്റെ മകളായ മിസ ഭാരതി തിരഞ്ഞെടുപ്പു യോഗത്തിലാണ് മോദിയെ ജയിലിലാക്കുമെന്നു പ്രഖ്യാപിച്ചത്. രാജ്യസഭാംഗമായ മിസ ഭാരതി ബിഹാറിലെ പാടലിപുത്ര ലോക്സഭാ മണ്ഡലത്തിലെ ആർജെഡി സ്ഥാനാർഥിയാണ്.

അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തര സുരക്ഷാ നിയമ (മിസ) പ്രകാരം ജയിലിൽ കിടന്ന ഓർമയ്ക്കായാണു ലാലു യാദവ് മകൾക്കു ‘മിസ’ എന്ന പേരു നൽകിയതെന്ന കാര്യം മറക്കരുതെന്നു ബിജെപി വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചു. കോൺഗ്രസിനെ തകർക്കുമെന്നു ജയിലിൽ കിടന്നു പ്രതിജ്ഞയെടുത്ത ലാലുവിനെ ഇങ്ങനെ അവഹേളിക്കുന്നതിനേക്കാൾ നല്ലതു മിസ തന്റെ പേരു മാറ്റുകയാണെന്നും സുധാംശു ത്രിവേദി പറഞ്ഞു.

കാലിത്തീറ്റ കുംഭകോണ കേസിലാണു ലാലു യാദവ് ജയിലിൽ കിടന്നതെന്നു മിസ ഭാരതി മറക്കരുതെന്നു മുതിർന്ന ബിജെപി നേതാവ് രവിശങ്കർ പ്രസാദ് പറഞ്ഞു. കുടുംബം മുഴുവൻ അഴിമതിക്കേസുകളിൽ മുങ്ങിക്കിടക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നു രവിശങ്കർ പ്രസാദ് മുന്നറിയിപ്പു നൽകി. 

പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പ്രചാരണം തറ നിലവാരത്തിലായതിന്റെ തെളിവാണ് മിസയുടെ പരാമർശമെന്നു ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ പ്രതികരിച്ചു. നേതാക്കൾ മരിക്കണമെന്നും ജയിലിലാകണമെന്നുമൊക്കെയാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. ഭീകരരും അഴിമതിക്കാരും ജയിലിലാകാനാണു ജനം ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

English Summary:

BJP Clashes with RJD Over Misa Bharti's Controversial Jail Threat to Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com