ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
Mail This Article
പൂച്ചാക്കൽ∙ ചേർത്തല - അരൂക്കുറ്റി റോഡിൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഹരിപ്പാട്ടെ തുലാം പറമ്പ് പുന്നൂർ മഠത്തിൽ കളത്തിൽ ശങ്കരനാരായണ പണിക്കരുടെ മകൻ ശ്രീജിത്ത്(36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ശ്രീജിത്തിന്റെ അമ്മ ശ്യാമളയെ ഗുരുതര പരുക്കോടെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന യാത്രികനും പരുക്കേറ്റു.
ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് ശ്രീജിത്തും കുടുംബവും വീട്ടിലേക്കു മടങ്ങിവരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കാറിൽ ശ്രീജിത്തിന്റെ ഭാര്യ അഭിജ, മകൾ ശ്രേഷ്ഠ (ഒരു വയസ്), അമ്മ ശ്യാമള, അഭിജയുടെ അമ്മ വത്സലാ കുമാരി എന്നിവരാണ് ഉണ്ടായിരുന്നത്.
ശ്രീജിത്ത് ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നു കരുതുന്നു. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ എൻജിനീയറായ ശ്രീജിത്തിന് ഇന്നു ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിനു വേണ്ടിയാണു പുലർച്ചെ രണ്ടുമണിയോടെ ഗുരുവായൂരിൽനിന്ന് യാത്ര പുറപ്പെട്ടത്.