സംവിധായകൻ ഉണ്ണി ആറന്മുള അന്തരിച്ചു, ഉർവശിയുടെ ആദ്യ മലയാള ചിത്രമായ എതിർപ്പുകളുടെ സംവിധായകൻ
Mail This Article
ചെങ്ങന്നൂർ∙ സംവിധായകനും നിർമാതാവും ഗാനരചയിതാവുമായിരുന്ന ഉണ്ണി ആറന്മുള(കെ.ആർ. ഉണ്ണികൃഷ്ണൻ നായർ) അന്തരിച്ചു. എതിർപ്പുകൾ(1984), സ്വർഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. ചെങ്ങന്നൂരിലെ ലോഡ്ജിൽ വച്ചു ഇന്നലെ വൈകിട്ട് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഉണ്ണി ആറന്മുള സംവിധാനം ചെയ്ത എതിർപ്പുകൾ എന്ന ചിത്രത്തിലൂടെയാണ് ഉർവശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസ്സൊരു മാന്ത്രിക കുതിരയായ് (എതിർപ്പുകൾ) ഈരേഴു പതിനാലു ലോകങ്ങളിൽ (സ്വർഗം) തുടങ്ങി
ഉണ്ണി രചിച്ച ഗാനങ്ങൾ ഹിറ്റ് ആയിരുന്നു. കമ്പ്യൂട്ടർ കല്യാണം ആയിരുന്നു അവസാന ചിത്രം. കോവിഡ് കാലത്ത് അതിന്റെ പ്രിന്റുകൾക്ക് തകരാർ സംഭവിച്ചതിനാൽ ചിത്രം റിലീസ് ചെയ്യാൻ സാധിച്ചില്ല.
ഡിഫൻസ് അക്കൗണ്ട്സിൽ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ കോഴഞ്ചേരി സെന്റ്തോമസ് കോളജിൽ നിന്നും ബിരുദവും, തേവര സേക്രട്ട് ഹാർട്ട് കോളജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. അവിവാഹിതനായിരുന്നു.
സംസ്കാരം നാളെ (വെള്ളിയാഴ്ച) ഉച്ചക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പിൽ നടക്കും.