ADVERTISEMENT

കൊച്ചി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ജനം ആർക്കൊപ്പം, മുന്നണികളുടെ വിജയസാധ്യതകൾ എന്തൊക്കെ, വോട്ട് വിഹിതം എന്നിവ വ്യക്തമാക്കുന്ന മനോരമ ന്യൂസ്–വിഎംആർ പ്രീ പോൾ സർവേയുടെ കൂടുതൽ മണ്ഡലങ്ങളിലെ ഫലങ്ങൾ പുറത്ത്. മുംബൈ ആസ്ഥാനമായ വോട്ടേഴ്സ് മൂഡ് റിസർച് ഏജൻസിയാണ് സർവേ നടത്തിയത്. മലപ്പുറം, പൊന്നാനി, കോഴിക്കോട്, വടകര, ചാലക്കുടി, ആലപ്പുഴ, പത്തനംതിട്ട എന്നീ മണ്ഡലങ്ങളിലെ സര്‍വേ ഫലമാണ് പുറത്തുവന്നത്.  

വടകരയില്‍ കെ.കെ.ശൈലജയും ഷാഫി പറമ്പിലും ഒപ്പത്തിനൊപ്പമെന്നാണ് സര്‍വേ ഫലം. രണ്ടുപേര്‍ക്കും 42.5 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. എന്‍ഡിഎയ്ക്ക് 13.68 ശതമാനം വോട്ട് ലഭിക്കും. യുഡിഎഫിന് 7 ശതമാനം വോട്ട് കുറയും.

പത്തനംതിട്ടയി‍ൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി ഭൂരിപക്ഷം വർധിപ്പിക്കുമെന്നു സർവേ പ്രവചിക്കുന്നു. രണ്ടാം സ്ഥാനത്ത് തോമസ് ഐസക്കും അനിൽ ആന്റണിയും ഒപ്പത്തിനൊപ്പമെന്നും പ്രവചനം.
യുഡിഎഫ് 37.6%, എൽഡിഎഫ് 28%, എൻഡിഎ 28% എന്നിങ്ങനെയാണ് വോട്ട് ശതമാനം പ്രവചിക്കുന്നത്. എല്‍ഡിഎഫ് വോട്ടില്‍ 4.77ശതമാനത്തിന്റെ കുറവ് സർവേ പ്രവചിക്കുമ്പോൾ യുഡിഎഫ് വോട്ടില്‍ ഇടിവില്ല. 0.6% കൂടും. ബിജെപിക്ക് നേരിയതോതില്‍ വോട്ട് കുറയുമെന്നും പ്രവചനം.

കോഴിക്കോട്ട് യുഡിഎഫിന്റെ എം.കെ.രാഘവൻ വിജയിക്കുമെന്നാണ് സർവേ പ്രവചനം. വോട്ട് കുറയുമെങ്കിലും ജനഹിതം എം.കെ.രാഘവനൊപ്പമെന്നാണ് പ്രവചനം. എൽഡിഎഫിനും എൻഡിഎയ്ക്കും വോട്ടിൽ നേരിയ വർധനയുണ്ടാകും. എല്‍ഡിഎഫിന് 0.19 ശതമാനം വോട്ട് കൂടുമെങ്കിലും യുഡിഎഫിനെ മറികടക്കാന്‍ ഇത് മതിയാകില്ലെന്നാണു സര്‍വേ പ്രവചിക്കുന്നത്. എന്‍ഡിഎ വോട്ടില്‍ 1.29 ശതമാനം വര്‍ധനയാണ് പ്രവചിക്കുന്നത്. യുഡിഎഫിന് 43.22%, എൽഡിഎഫിന് 38.09%, എൻഡിഎയ്ക്ക് 16.26% വോട്ട് ലഭിക്കുമെന്നാണ് പ്രവചനം. 

ചാലക്കുടിയിൽ യുഡിഎഫിന്റെ ബെന്നി ബഹ്നാന് നേരിയ മുൻതൂക്കമെന്നാണ് പ്രവചനം. വോട്ട് വിഹിതത്തിൽ യുഡിഎഫിന് വൻ ഇടിവ് പ്രവചിക്കുന്നു. 10.8 ശതമാനം വോട്ട് കുറയും. മറ്റു കക്ഷികൾക്കും സ്വതന്ത്രർക്കും 12.88 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്.  ഇതിൽ 11.84 ശതമാനം ട്വന്റി ട്വന്റിക്കു ലഭിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫിന് 2.32 ശതമാനം വോട്ട് കുറയുമ്പോൾ എന്‍ഡിഎ വോട്ട് 2.42 ശതമാനം കൂടുമെന്നാണു പ്രവചനം. യുഡിഎഫ് 37%, എൽഡിഎഫ് 32.14%, എൻഡിഎ 17.98% വോട്ട് നേടുമെന്നു സർവേ പ്രവചനം. 

വോട്ട് കുറയുമെങ്കിലും മലപ്പുറത്ത് ഇ.ടി.മുഹമ്മദ് ബഷീർ തന്നെയെന്ന് സർവേ പ്രവചനം. യുഡിഎഫിന് ആറുശതമാനം വോട്ട് കുറയുമെന്നാണ് സർവേ വ്യക്തമാക്കുന്നത്. എൽഡിഎഫിന്റെ വോട്ട് 6.12 ശതമാനം ഉയരും. 53.7 % വോട്ട് യുഡിഎഫും 37.92 % എല്‍ഡിഎഫും 8.24 % ബിജെപിയും നേടുമെന്നാണ് സർവേ ഫലം.

ലീഡ് കുറയുമെങ്കിലും പൊന്നാനി യുഡിഎഫിന്റെ അബ്ദു സമദ് സമദാനിക്കൊപ്പം തന്നെയെന്ന് പ്രവചനം. എല്‍ഡിഎഫിന്റെ വോട്ട് കൂടുമെന്നും സര്‍വേ പ്രവചിക്കുന്നു. 3.9 ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ബിജെപി വോട്ടില്‍ 0.64 ശതമാനത്തിന്റെ കുറവാണു കണക്കുകൾ സൂചിപ്പിക്കുന്നത്. യുഡിഎഫ് 51%, എൽഡിഎഫ് 36.19%, എൻഡിഎ 10.23% വോട്ടുകൾ നേടുമെന്നാണ് പ്രവചനം. 

ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന് വിജയമെന്ന് സർവേ പ്രവചനം. ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിലേക്കാള്‍ 1.69 ശതമാനവും യുഡിഎഫിന് രണ്ടര ശതമാനവും വോട്ട് വര്‍ധിക്കുമെന്നാണ് പ്രവചനം. 3.23 ശതമാനം വോട്ട് എല്‍ഡിഎഫിന് നഷ്ടപ്പെടും.യുഡിഎഫ് 42.18%, എൽഡിഎഫ് 37.68%, എൻഡിഎ 18.91% എന്നിങ്ങനെയാണ് വോട്ട് വിഹിതം പ്രവചിക്കുന്നത്. 

English Summary:

Manorama News VMR pre poll survey second phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com