തേക്കിൻകാട് മൈതാനത്തിന്റെയും വടക്കുംനാഥ ക്ഷേത്രത്തിന്റെയും പുനരുദ്ധാരണം സ്വപ്ന പദ്ധതി: ടി.എൻ പ്രതാപൻ
Mail This Article
തൃശൂർ. പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എംപിമാർക്ക് സ്വന്തം മണ്ഡലത്തിന്‍റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ചെലവാക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്ന തുകയുടെ വിനിയോഗം കാര്യക്ഷമമാണോ? കഴിഞ്ഞ അഞ്ച് വർഷം കേരളത്തിലെ 20 എംപിമാർക്ക് ലഭിച്ചതെത്ര? ചെലവാക്കിയ തുകയെത്ര? എന്തിനൊക്കെ ചെലവാക്കി പരിശോധിക്കുകയാണ് കാര്യം സാമ്പത്തികം.
എല്ലാ എംപിമാർക്കും ലഭിച്ച 17 കോടി രൂപക്കു പുറമെ മുൻഗാമിയായ സിഎൻ ജയദേവൻ ചെലവിടാതെ ബാക്കിവച്ച 2 കോടി 74 ലക്ഷം രൂപ കൂടി മണ്ഡലത്തിന്‍റെ ക്ഷേമത്തിനായി വിനിയോഗിക്കാൻ കഴിഞ്ഞതായി തൃശൂരിലെ സിറ്റിങ് എംപിയായ ടി.എൻ പ്രതാപൻ പറഞ്ഞു. 19 കോടി 74 ലക്ഷം രൂപക്ക് 147 പദ്ധതികൾക്ക് ഭരണാനുമതി കിട്ടിയിട്ടുണ്ട്. നിർമ്മാണം നടന്നു കഴിഞ്ഞ പദ്ധതികളിൽ അങ്കണവാടികൾക്കാണ് മുൻതൂക്കം നൽകിയത്. വൈദ്യുതീകരണവും മറ്റൊരു പ്രധാന മേഖലയാണ്. ഭരണാനുമതി ലഭിച്ച പല പദ്ധതികള്‍ക്കും പണം വിനിയോഗിക്കുന്നത് തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിൽ വന്നതോടെ പ്രതിസന്ധിയിലായിട്ടുണ്ട്.
തേക്കിൻകാട് മൈതാനവും വടക്കുംനാഥ ക്ഷേത്രവും പുനരുദ്ധരിക്കുന്നതിനായി 100 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. പുരാവസ്തുവകുപ്പ് ഇതുസംബന്ധിച്ച പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. ഇത് തന്‍റെ സ്വപ്ന പദ്ധതിയാണെന്നും പ്രതാപൻ പറഞ്ഞു. സ്മാർട്ട് തൃശൂരും മറ്റൊരു സ്വപ്ന പദ്ധതിയാണ്.