പ്രചാരണത്തിനിടെ യുവതിയെ ചുംബിച്ച് ബിജെപി എംപി: സ്ത്രീവിരുദ്ധതയെന്ന് തൃണമൂല്‍
Mail This Article
കൊല്‍ക്കത്ത∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയുടെ കവിളില്‍ ചുംബിച്ച ബിജെപി എംപി ഖഗേന്‍ മുര്‍മു വിവാദത്തില്‍. ചുംബനത്തിന്റെ വിഡിയോ വൈറലായതോടെ മുര്‍മുവിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീവിരുദ്ധമായ നടപടിയാണ് മുര്‍മുവിന്റേതെന്ന് വൈറല്‍ വിഡിയോയില്‍നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് തൃണമൂല്‍ ആരോപിച്ചു.
'നിങ്ങള്‍ കാണുന്നതെന്താണെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിശദീകരിക്കാം. മാല്‍ദ ഉത്തര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായ ഖഗേന്‍ മുര്‍മു എംപി പ്രചാരണത്തിനിടെ ഒരു യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണിത്.' - ചിത്രങ്ങള്‍ പങ്കുവച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
എന്നാല്‍ സ്‌നേഹം കൊണ്ടാണ് എംപി അത്തരത്തില്‍ പെരുമാറിയതെന്ന് യുവതി മാധ്യമങ്ങളോടു പ്രതികരിച്ചു. എന്റെ പിതാവിന്റെ പ്രായമുള്ള ഒരാള്‍ സ്‌നേഹത്തോടെ കവിളില്‍ ഉമ്മ വച്ചു. ആളുകള്‍ എന്തുകൊണ്ടാണ് അതിനെ വൃത്തികെട്ട മനസോടെ കാണുന്നത്. എംപിയുടെ നടപടിയില്‍ തെറ്റൊന്നും ഇല്ല. - യുവതി പറഞ്ഞു. ചുംബിച്ച യുവതിയെ 'എന്റെ കുട്ടി' എന്നാണ് മുര്‍മു വിശേഷിപ്പിച്ചത്. സിപിഎം എംഎല്‍എയായിരുന്ന മുര്‍മു 2019ല്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്.
എന്നാല്‍ ബിജെപി ജനപ്രതിനിധികളുടെ സ്ത്രീവിരുദ്ധതയാണ് പ്രകടമാകുന്നതെന്ന് തൃണമൂല്‍ ആരോപിക്കുന്നു. വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്ന എംപിമാര്‍ മുതല്‍ ബംഗാളിയെ വനിതകള്‍ക്കെതിരെ അശ്ലീല ഗാനങ്ങള്‍ എഴുതുന്ന നേതാക്കള്‍ വരെ നീളുന്നതാണ് ഇത്തരത്തിലുള്ള നേതാക്കളുടെ നിരയെന്ന് തൃണമൂല്‍ പറയുന്നു. മോദിയുടെ കുടുംബം ഇത്തരത്തിലാണ് സ്ത്രീകളെ ബഹുമാനിക്കുന്നത്. അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തൊക്കെ സംഭവിക്കുമെന്ന് ഊഹിക്കാവുന്നതാണെന്നും തൃണമൂല്‍ കുറ്റപ്പെടുത്തി. തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സൈബര്‍ കുറ്റകൃത്യത്തിന് പരാതി നല്‍കുമെന്ന് ഖഗേന്‍ മുര്‍മു പറഞ്ഞു.