‘പ്രതിപക്ഷത്തിന് മുഗളന്മാരുടെ ചിന്ത; നവരാത്രി വ്രതത്തിനിടെ മാംസഹാരം കഴിച്ച് വിശ്വാസികളെ കളിയാക്കുന്നു’
Mail This Article
ന്യൂഡൽഹി∙ ശ്രാവണ മാസത്തില്‍ മാംസാഹാരം പാചകം ചെയ്യുന്ന വിഡിയോയുമായി പ്രതിപക്ഷം വിശ്വാസികളെ അവഹേളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ മുഗൾ കാലഘട്ടത്തിലെ ചിന്തകളാണ് പ്രകടിപ്പിക്കുന്നതെന്ന് ആരോപിച്ച പ്രധാനമന്ത്രി, പ്രതിപക്ഷം പ്രീണന രാഷ്ട്രീയത്തിൽ ഏർപ്പെടുകയും ഒരു പ്രത്യേക വോട്ട് ബാങ്കിന് പിന്നാലെ പോകുകയുമാണെന്നും കുറ്റപ്പെടുത്തി.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളെയും പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും കഴിഞ്ഞ സെപ്റ്റംബറിൽ മട്ടണ്‍ പാചകം ചെയ്യുന്ന വിഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. തേജസ്വി യാദവ് മീൻ കഴിക്കുന്ന വിഡിയോയും വിവാദമായി. എന്നാൽ നവരാത്രി വ്രതത്തിനു മുൻപെടുത്ത വിഡിയോയാണ് പോസ്റ്റ് ചെയ്തതെന്ന വിശദീകരണവുമായി തേജസ്വി രംഗത്തെത്തിയിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നവരാത്രി വ്രതം ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളില്‍ നോണ്‍വെജ് രാഷ്ട്രീയം ചര്‍ച്ചയായത്. ഇതിന്റെ ചുവടുപിടിച്ചാണ് ജമ്മു കശ്മീര്‍ ഉധംപുരിലെ റാലിയില്‍ പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദിയുടെ പരാമര്‍ശം. “കോൺഗ്രസും ഇന്ത്യാ മുന്നണിയിലെ മറ്റു പാർട്ടികളും രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും വികാരങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നില്ല. ശ്രാവൺ മാസത്തിൽ അവർ ഒരു കുറ്റവാളിയുടെ വീട്ടിൽ പോയി ആട്ടിറച്ചി പാചകം ചെയ്യുന്നു. മാത്രമല്ല അവർ വിഡിയോകൾ ഇട്ട് രാജ്യത്തെ ജനങ്ങളെ കളിയാക്കുകയും ചെയ്യുന്നു.
"നിയമം ആരെയും ഒന്നും കഴിക്കുന്നതിൽ നിന്ന് തടയുന്നില്ല, മോദിയും അതു ചെയ്യുന്നില്ല. പക്ഷേ അവരുടെ ഉദ്ദേശ്യം മറ്റൊന്നാണ്. മുഗളന്മാർ ആക്രമിച്ചപ്പോൾ രാജാവിനെ മാത്രം തോൽപ്പിച്ചതിൽ അവർ തൃപ്തരായില്ല, ക്ഷേത്രങ്ങൾ നശിപ്പിക്കുന്നതുവരെ അവർക്ക് തൃപ്തി ലഭിച്ചില്ല. അത് അവർ ആസ്വദിച്ചു. അതുപോലെ ശ്രാവൺ മാസത്തിൽ വിഡിയോ അപ്‌ലോഡ് ചെയ്യുന്നതിലൂടെ, പ്രതിപക്ഷ നേതാക്കൾ മുഗൾ കാലഘട്ടത്തിലെ ചിന്തകൾ പ്രകടിപ്പിക്കുകയും ആളുകളെ കളിയാക്കാനും അവരുടെ വോട്ട് ബാങ്ക് ഉറപ്പിക്കാനും ശ്രമിക്കുന്നു. ജനം തീരുമാനിക്കുമ്പോൾ വലിയ രാജകുടുംബങ്ങളിലെ രാജകുമാരന്മാർക്ക് (യുവരാജ്) സിംഹാസനം ഉപേക്ഷിക്കേണ്ടിവരുമെന്ന് പ്രതിപക്ഷത്തിന് അറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെയും രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി ‘യുവരാജ്’ പ്രയോഗം നടത്തിയിട്ടുണ്ട്.