മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം വെല്ലുവിളി: തർക്കം തീരാതെ ബിജെപി–ഷിൻഡെ
Mail This Article
മുംബൈ ∙ 4 സീറ്റുകളെച്ചൊല്ലി ബിജെപി–ശിവസേന(ഷിൻഡെ) വിഭാഗം തർക്കം തുടരുന്നതിനാൽ മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം എൻഡിഎ മുന്നണിക്കു വെല്ലുവിളിയാകുന്നു.
മുംബൈ സൗത്ത്, ഷിൻഡെയുടെ തട്ടകമായ താനെ, നാസിക്, രത്നാഗിരി–സിന്ധുദുർഗ് സീറ്റുകളാണു തർക്കവിഷയം. നാസിക്കിൽ ശിവസേനയ്ക്കു വിജയസാധ്യത കുറവാണെന്നും എൻസിപി അജിത് പക്ഷത്തെ മുതിർന്ന നേതാവ് ഛഭൻ ഭുജ്ബലിനെ സ്ഥാനാർഥിയാക്കണമെന്നുമാണ് ബിജെപി നിലപാട്. ബിജെപിയുടെ പിടിവാശിയെത്തുടർന്ന് മൂന്ന് സിറ്റിങ് എംപിമാർക്ക് ഷിൻഡെ പക്ഷം നേരത്തെ സീറ്റ് നിഷേധിച്ചിരുന്നു. മൂവരും പരാജയപ്പെടുമെന്നു സർവേയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബിജെപി കടുത്ത നിലപാടെടുത്തത്. തുടർന്നു ഷിൻഡെ പക്ഷം പുതുമുഖങ്ങളെ ഇറക്കി.
മുംബൈ സൗത്തിൽ സ്പീക്കർ രാഹുൽ നർവേക്കറെ സ്ഥാനാർഥിയാക്കാനാണ് ബിജെപിയുടെ പദ്ധതി. എന്നാൽ, കോൺഗ്രസിൽ നിന്നു ശിവസേനയിലേക്കു കൂറുമാറിയ മിലിന്ദ് േദവ്റയെ കളത്തിലിറക്കാനാണ് ഷിൻഡെയുടെ നീക്കം.
താനെയിൽ പ്രതാപ് സർനായിക് എംഎൽഎയെ സ്ഥാനാർഥിയാക്കാൻ ഷിൻെഡ പക്ഷം ആലോചിക്കുമ്പോൾ സീറ്റിൽ അവകാശവാദം ഉന്നയിക്കുന്ന ബിജെപി സഞ്ജീവ് നായിക്കിനെ മത്സരിപ്പിക്കാൻ ആഗ്രഹിക്കുന്നു. രത്നാഗിരി–സിന്ധുദുർഗ് സീറ്റിൽ ശിവസേനാ ഷിൻഡെ വിഭാഗം മന്ത്രി ഉദയ് സാമന്തിന്റെ സഹോദരൻ കിരൺ സാമന്തിനെ കളത്തിലിറക്കാൻ പദ്ധതിയിട്ടിരിക്കേ, സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപി മുൻ കേന്ദ്രമന്ത്രി നാരായൺ റാണെയെ സ്ഥാനാർഥിയാക്കാനാണ് ആലോചിക്കുന്നത്.