‘തിരഞ്ഞെടുപ്പാണ്, ചർച്ചകളിൽനിന്നു വിട്ടുനിൽക്കണം’: കേരള സ്റ്റോറി പ്രദർശിപ്പിക്കേണ്ടെന്ന് കെസിവൈഎം
Mail This Article
കോഴിക്കോട് ∙ വിവാദ ചലച്ചിത്രം ‘ദ് കേരള സ്റ്റോറി’ പ്രദർശിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ താമരശ്ശേരി രൂപത കെസിവൈഎം. ഉച്ചകഴിഞ്ഞുള്ള എക്സിക്യുട്ടീവ് യോഗത്തിനുശേഷം ഔദ്യോഗികമായി ഇക്കാര്യം കെസിവൈഎം ഭാരവാഹികൾ അറിയിക്കും. രൂപതയ്ക്കു കീഴിലെ 120 കെസിവൈഎം യൂണിറ്റുകളിൽ ശനിയാഴ്ച സിനിമ പ്രദർശിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
തിരഞ്ഞെടുപ്പിനു മുൻപ് സിനിമ പ്രദർശിപ്പിക്കേണ്ടതില്ലെന്നും ഇതുസംബന്ധിച്ച ചർച്ചകളിൽനിന്നു വിട്ടുനിൽക്കണം എന്നുമുള്ള തീരുമാനത്തിലേക്കാണു കെസിവൈഎം എത്തിയിരിക്കുന്നത്. കുട്ടികൾക്കുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണു സിനിമ പ്രദർശിപ്പിക്കുന്നത് എന്നായിരുന്നു നേരത്തേ വ്യക്തമാക്കിയിരുന്നത്. സഭയ്ക്കുള്ളിൽ തന്നെ അഭിപ്രായ വ്യത്യാസം ഉയർന്നതോടെയാണു തൽക്കാലം വിട്ടുനിൽക്കാൻ തീരുമാനിച്ചത്. നേരത്തേ, ഇടുക്കി രൂപതയിൽ സിനിമ പ്രദർശിപ്പിച്ചത് വിവാദമായിരുന്നു.